ലഖ്നൗ: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പണത്തിന്റെ ആദ്യ ഗഡു കൈവശം വന്നതിന് പിന്നാലെ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് 4 സ്ത്രീകൾ. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീടു നിർമിച്ചു നൽകുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. പദ്ധതിപ്രകാരം കുടുംബനാഥ വീടിന്റെ ഉടമയോ സഹഉടമയോ ആകണമെന്നു നിർബന്ധമുണ്ട്.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വരുന്നത്. ഇതിൽ പ്രകാരം 50,000 രൂപയാണ് ആദ്യ ഗഡുവായി അക്കൗണ്ടിലെത്തിയത്. പിന്നാലെ നാല് സ്ത്രീകൾ അവരുടെ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങി തിരിക്കുകയായിരുന്നു. വീടു നിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നഗര വികസന ഏജൻസിയിൽ (ഡിയുഡിഎ) നിന്ന് അറിയിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഭാര്യമാരുടെ ഒളിച്ചോട്ടം ഭർത്താക്കന്മാർക്ക് പുറത്ത് വിടേണ്ടി വന്നത്.
പദ്ധതിപ്രകാരം കിട്ടിയ പണം ഭാര്യമാർ കൊണ്ടുപോയെന്നും അടുത്ത ഗഡുക്കൾ അതേ അക്കൗണ്ടിലേക്ക് നൽകരുതെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥരും അമ്പരന്നു. ഇപ്പോൾ ആദ്യ ഗഡുവിൽ നൽകിയ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ് അവർ. സംഭവത്തിൽ ഭർത്താക്കന്മാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.
Discussion about this post