വര്‍ക്കല: പാപനാശം സൗത്ത് ക്ലിഫില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച റിസോര്‍ട്ട് കെട്ടിടം വര്‍ക്കല നഗരസഭ ഇടിച്ചുനിരത്തി. ചെവ്വാഴ്ച്ച രാവിലെ 12ന് നഗരസഭ സെക്രട്ടറി സനല്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
ജെസിബിയും യന്ത്ര സാമഗ്രികളും ഉപയോഗിച്ചാണ് ഓടയം സ്വദേശി സഫിയുള്ളയുടെ ക്ലിഫി പാണ്ഡേ എന്ന റിസോര്‍ട്ട് കെട്ടിടം ഇടിച്ചുനിരത്തിയത്. അനധികൃത കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ നേരത്തെ ഉടമയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും പൊളിച്ചുനീക്കാന്‍ ഉടമ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് നഗരസഭയുടെ പൊളിക്കല്‍.
പ്രദേശത്ത് റിസോര്‍ട്ടുകളടക്കം ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങള്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പൊളിക്കല്‍ നടപടികള്‍ തുടരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു
അതേസമയം, കാസര്‍കോട് ജില്ലയില്‍ കന്നുകാലികളില്‍ ചര്‍മ്മമുഴ രോഗം വ്യാപിച്ചതോടെ പ്രതിസന്ധിയിലായി ക്ഷീര കര്‍ഷകര്‍. ഉദുമ, ബന്തടുക്ക എന്നിവിടങ്ങളില്‍ രോഗം ബാധിച്ച് നിരവധി പശുക്കള്‍ ചത്തു. ശരീരത്തില്‍ കുരുക്കളുണ്ടായി അവ പൊട്ടിയൊലിക്കുന്നതാണ് രോഗം. ശക്തമായ പനിയുമുണ്ടാകും.
ലംപി സ്കിന്‍ ഡിസീസ് അഥവാ ചര്‍മ്മ മുഴ രോഗം കന്നുകാലികളില്‍ പടര്‍ന്നതോടെ പാല് ഉത്പാദനത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിക്കുന്നവരാണ് പ്രതിസന്ധിയിലായത്. ബന്തടുക്കയിലും ഉദുമയിലും നിരവധി കന്നുകാലികളില്‍ രോഗം കണ്ടെത്തി. അനേകം പശുക്കള്‍ ചത്തു. പശുക്കളുടെ പാലുല്പാദനവും പ്രത്യുല്‍പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയ്ക്കുന്നതാണ് ചര്‍മ്മമുഴ രോഗം.
വാക്സിനേഷന് ഡ്രൈവുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തുണ്ട്. ഇതിനകം 12,328 കന്നുകാലികള്‍ക്ക് ജില്ലയില്‍ വാക്സിന് നല്‍കിയിട്ടുണ്ട്. വൈറസ് മൂലമുള്ള രോഗമായത് കൊണ്ട് തന്നെ അസുഖം വന്നതിന് ശേഷം വാക്സിന് എടുത്തത് കൊണ്ട് കാര്യമില്ല. ആരോഗ്യമുള്ള ഉരുക്കള്‍ക്ക് എത്രയും വേഗം കുത്തിവെപ്പെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുന്നു.
Discussion about this post