ശബരിമലയില്‍ കയറിയ സ്ത്രികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു സ്റ്റാറ്റസ് ഇട്ട വിദ്യാര്‍ത്ഥിക്ക് സ്ത്രീ വിരുദ്ധവും, ജാതീയ അധിക്ഷേപവും കലര്‍ന്ന വാട്സാപ്പ് സന്ദേശം അയച്ച അദ്ധ്യാപിക വിവാദ കുരുക്കില്‍. സുപ്രീം കോടതി വിധിക്കു ശേഷം ആദ്യമായി ശബരിമലയില്‍ പ്രവേശിച്ച കനക ദുര്‍ഗ, ബിന്ദു എന്നിവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു വിഷ്ണു വിജയന് എഴുതിയ കുറിപ്പിന് മറുപടി ആയാണ് പ്ലസ് ടു അധ്യാപിക സിമി അധിക്ഷേപകരമായ സന്ദേശം അയച്ചത്.
അധ്യാപിക അയച്ച സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം പരസ്യപ്പെടുത്തി കൊണ്ട് വിഷ്ണു തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. വിഷ്ണു വിജയന്റെ ഫേസ്ബുക് കുറിപ്പ് ഇതിനോടകം നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇത്രയും ജാതിവെറിയും, സ്ത്രീ വിരുദ്ധതയും നിറഞ്ഞ ചിന്തകള്‍ വെച്ച് പുലര്‍ത്തി കൊണ്ട് എങ്ങനെ ഒരധ്യാപികക്ക് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആണ് യുവതികള്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.
വിഷ്ണു ഫേസ്ബുക്കില്‍ കുറിചതിപ്രകാരം:
ശബരിമലയില്‍ കയറിയ സ്ത്രികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു സ്റ്റാറ്റസ് ഇട്ടതിനു മെസ്സേജ് അയച്ച ഏറ്റവും പ്രിയപ്പെട്ട പ്ലസ് ടു മാത്സ് പഠിപ്പിച്ച സിമി ടീച്ചര്‍ അറിയുന്നതിന്.
ഒരിക്കലും നിങ്ങളില്‍ നിന്നും ഇങ്ങനെ ഒരു മെസ്സേജ് ഞാന്‍ പ്രതീക്ഷിച്ചില്ല …
വാട്സാപ്പില്‍ റിപ്ലൈ തരാന്‍ തോന്നിയില്ല പകരം ഞാന്‍ ഇവിടെ തരുന്നു
1)അമ്മയെ കേറ്റണോ അനിയത്തിയെ കേറ്റണോ എന്ന് ഞാന്‍ അല്ല തീരുമാനിക്കേണ്ടത്. അത് അവരുടെ ഇഷ്ടമാണ് അതില്‍ അഭിപ്രയം പറയാന്‍ എനിക്കാവില്ല. അവര്‍ക്കു കേറണം എന്നാണ് ആഗ്രഹം എങ്കില്‍ കേറുക തന്നെ ചെയ്യും ..കാരണം പരമോന്നത നീതി പീഠം അതിനുള്ള അവകാശം അവര്‍ക്ക് നല്കിയിട്ടിട്ടുണ്ട് ടീച്ചറേ അതെങ്ങനെ ജാതിവെറിയും ആയി നടക്കുന്ന നിങ്ങളോടു ഇത് പറഞ്ഞാല്‍ മനസ്സിലാകുമോ.
2) കണ്സെഷന് കൊണ്ടാണ് അഡ്മിഷന് കിട്ടിയതെങ്കില് ടീച്ചറിനെന്താണ്? അതെന്റെ അവകാശമാണ്.
ഞാന്‍ പഠിക്കുന്ന കര്‍ണാടക സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആണ് അവിടെ പുറത്തെ സ്റ്റേറ്റില്‍ നിന്നും വരുന്നവര്‍ക്കൊന്നും കണ്സെഷന് ഇല്ല ..ആനുകൂല്യങ്ങള്‍ കിട്ടാന്‍ ഉള്ള അവകാശം ഉണ്ടെങ്കിലും അത് കിട്ടുന്നില്ല എന്ന് കൂടെ ചേര്‍ക്കുന്നു എത്ര കുട്ടികളെ നിങ്ങള്‍ പഠിപ്പിച്ചട്ടുണ്ടാകും .എത്രയും ജാതി വെറിയും മനസ്സില്‍ വച്ച് കൊണ്ട് നിങ്ങള്‍ക്ക് എങ്ങനെ പഠിപ്പിക്കാന്‍ സാധിച്ചു ?
Discussion about this post