കോഴിക്കോട്: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപകിനെ ഗോവയിലെ പനാജിയില്‍ നിന്നും കണ്ടെത്തി. ദീപക് ഇപ്പോള്‍ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്. ഗോവയിലെ മലയാളി സമാജം പ്രവര്‍ത്തകരാണ് ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന ദീപകിനെ തിരിച്ചറിഞ്ഞത്.
കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായ ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഗോവ പോലീസ് പനാജിയില്‍ വെച്ച് ഇയാളെ കണ്ടെത്തിയത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ 2022 ജൂണ്‍ ആറിനാണ് നാട്ടില്‍ നിന്നും കാണാതായത്. ദീപക് മരിച്ചെന്ന് നേരത്തെ സംശയം ഉയര്‍ന്നിരുന്നു.
ഇതേതുടര്‍ന്ന് ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണ്ണിച്ച മൃതദേഹം ദീപകിന്റേതെന്ന് കരുതി സംസ്‌കരിക്കുകയും ചെയ്തു. ദീപകുമായി രൂപസാദൃശ്യം ഉണ്ടായതിനാലാണ് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചത്.
പക്ഷെ പോലീസ് ഡിഎന്‍എ പരിശോധനക്ക് വേണ്ടി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു. ഇതിനിടെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങിയത്. ഡിഎന്‍ എ പരിശോധനാ ഫലം വന്നതോടെ ദീപക്കിന്റേതെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് വ്യക്തമായി.
പിന്നീട് ദീപക്ക് എവിടെയെന്നത് സംബന്ധിച്ച് മേപ്പയ്യൂര്‍ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ദീപക്കിനെക്കുറിച്ച് വിവരം കിട്ടിയില്ല. ഇതിനിടെ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു.
കൂടത്തായി കൊലപാതക പരമ്പര കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ് പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷണം ഏറ്റെടുത്തു. എറണാകുളത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ദീപക്കിന്റെ മൊബൈല്‍ ഫോണ്‍ അവസാനമായി കോഴിക്കോട് മാവൂര്‍ റോഡില്‍ വെച്ച് ഓഫായിരുന്നു.
ഇത് സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ വ്യക്തമായിരുന്നു. ദീപക്കിന്റെ വിദേശത്തുള്ള ചില ബന്ധുക്കളില്‍ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചിരുന്നു. മുന്‍പ് വിദേശത്ത് ചില കേസുകളില്‍ പെട്ട് ദീപക് ജയിലില്‍ കിടന്നതായും അന്വേഷണ സംഘത്തിന് വിവരം കിട്ടി. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് ദീപക് ഗോവയിലുണ്ടെന്ന് വ്യക്തമായത്.
Discussion about this post