കോട്ടയം: റോഡ് മുറിച്ചുകടക്കവേ കെ.എസ്.ആർ.ടി.സി. ബസിടിച്ച് ചക്രത്തിന്റെ അടിയിലേക്ക് വീണ വീട്ടമ്മയ്ക്ക് അത്ഭുതരക്ഷ. ഇളംകാവ് മലകുന്നം സ്കൂൾ ബസിലെ ആയ, കുറിച്ചി സചിവോത്തമപുരം കേശവീയം വീട്ടിൽ അജിത്ത് കുമാറിന്റെ ഭാര്യ അമ്പിളിയാണ് തലനാരിഴയ്ക്ക് മരണവക്കിൽ നിന്നും കരകയറിയത്. 36കാരിയെ മുടിമുറിച്ചാണ് വീണ്ടും ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത്. അപകടം കണ്ട് ഓടിയെത്തിയവരാണ് അമ്പിളിയ്ക്ക് തുണയായതും.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചിങ്ങവനം പുത്തൻപാലത്തായിരുന്നു അപകടം നടന്നത്. സ്കൂൾബസിലെ കുട്ടികളെ ഇറക്കി റോഡ് കടത്തിവിട്ട ശേഷം തിരിച്ചുവരാൻ റോഡ് മുറിച്ചുകടക്കവേ അമ്പിളിയെ അടൂർനിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു. ബസിനടിയിലേക്ക് വീണ അമ്പിളിയുടെ തലമുടിയുടെ മുകളിലാണ് ഇടതുഭാഗത്തെ ചക്രം നിന്നത്.
തലനാരിഴ മാറിയിരുന്നെങ്കിൽ ജീവൻതന്നെ നഷ്ടമാകുമായിരുന്നു. ശേഷം മുടി മുറിച്ച് ബസിനടിയിൽ നിന്ന് വലിച്ചു കയറ്റുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ അമ്പിളിയെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ഡിസ്ചാർജ് ചെയ്തു.
Discussion about this post