സുൽത്താൻ ബത്തേരി: വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ വീണ് മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകളായ 19കാരി അക്ഷരയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിലാണ് അക്ഷരയെ കണ്ടെത്തിയത്. കെട്ടിടത്തിനു മുകളിൽനിന്നു വീണ് മുറിവേറ്റതായി ശരീരത്തിൽ പാടുകളുണ്ട്.
ആശുപത്രി അധികൃതരും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അക്ഷരയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയിലെത്തിക്കും മുന്നേ മരണത്തിന് കീഴടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മകളെ കാണാനില്ലെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകാരം അന്വേഷണം നടത്തി വരവെയാണ് അക്ഷരയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അക്ഷരയുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ജീവനൊടുക്കുന്നതിലേയ്ക്ക് അക്ഷരയെ നയിച്ച കാരണം ഇനിയും വ്യക്തമായിട്ടില്ല. മരണത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post