ചവറ: പ്രശസ്തമായ പൊന്മന കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രത്തിലെ അത്ഭുത പ്രതിഭാസം. ദേവിയുടെ ശ്രീകോവിലിന്റെ ഭിത്തിയിലൂടെ പാല്‍ ഒഴുകിയിറങ്ങിയത് ഭക്തരെ അത്ഭുതപ്പെടുത്തി. ഇന്നലെ ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രം അടച്ച് കഴിഞ്ഞായിരുന്നു സംഭവം.
ദിവസവും ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലും ബലിക്കല്ലും കഴുകി ശുചിയാക്കും. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കഴകം ജീവനക്കാരി ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ കിണറ്റില്‍ നിന്നെടുത്ത വെള്ളം ഉപയോഗിച്ച് ശ്രീകോവിലിന്റെ വശങ്ങള്‍ കഴുകി വൃത്തിയാക്കിയതിന് പിന്നാലെ ശ്രീകോവിലിന് മുകളില്‍ നിന്ന് പാല്‍ ഒഴുകിയിറങ്ങുകയായിരുന്നു.
ഉടന്‍തന്നെ കഴകം ജീവനക്കാരി ക്ഷേത്രം ശാന്തിയെ വിളിച്ചുവരുത്തി. സംഭവമറിഞ്ഞ് ക്ഷേത്ര ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി. നാവില്‍ തൊട്ട് നോക്കിയപ്പോള്‍ പാലിന്റേതിന് സമാനമായ രുചിയായിരുന്നുവെന്നാണ് അറിയുന്നത്. അര മണിക്കൂറോളം ശ്രീകോവിലിന് മുകളില്‍ നിന്നുള്ള ധാര നീണ്ടുനിന്നതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇന്നലെ വൈകിട്ട് ക്ഷേത്ര ദര്‍ശനത്തിനും നല്ല തിരക്ക് അനുഭവപ്പെട്ടു.
Discussion about this post