ന്യഡല്‍ഹി: കടുത്ത മത്സരത്തിനൊടുവില്‍ ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് രാജമൌലി ചിത്രം ആര്‍ആര്‍ആര്‍. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ എംഎം കീരവാണിയും മകന് കാലഭൈരവയും ചേര്‍ന്ന് സംഗീതം നിര്‍വഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. എആര്‍ റഹ്മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ചാണ് കീരവാണിയും മകനും തെന്നിന്ത്യയുടെ അഭിമാനമാകുന്നത്.
റിഹാന, ലേഡിഗാഗ, ടെയ്ലര് സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. എആര്‍ റഹ്മാന് പുരസ്കാരം നേടി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം.
മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാന്‍ഡില്‍ നിന്നും തെലുങ്ക് സിനിമയയെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ എസ്എസ് രാജമൗലിയും അമ്മാവന് കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റിയ ബാഹുബലി പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം.
61ആം വയസ്സിലും മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുകയാണ്. എആര്‍ റഹ്മാന് ശേഷം ഗോള്‍ഡണ്‍ ഗ്ലോബ് വീണ്ടും രാജ്യത്തെത്തുമ്പോള്‍ ഇന്ത്യന്‍ സിനിമാസംഗീതവും ആദരിക്കപ്പെടുന്നു. ദേവരാഗം അടക്കം മലയാളത്തിലും കീരവാണി ഹിറ്റ് ഈണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Discussion about this post