അരൂർ: 3 മാസം മുൻപ് ഭാര്യ ബൈക്കിടിച്ച് മരണപ്പെട്ട അതേ സ്ഥലത്ത് ഭർത്താവും ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. അരൂർ ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡ് ചന്തിരൂർ കൂട്ടുങ്കൽ പുരുഷോത്തമൻ (71) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു ദാരുമാണമായ അപകടം നടന്നത്. പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 5.30-ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഇതേ സ്ഥലത്ത് ഇക്കഴിഞ്ഞ ഒക്ടോബർ 20-ന് ബൈക്കിടിച്ചുണ്ടായ അപകടത്തിലാണ് പുരുഷോത്തമന്റെ ഭാര്യ മാലതി മരിച്ചത്. ചെമ്മീൻ പീലിങ് തൊഴിലാളിയായിരുന്ന മാലതി റോഡ് മുറിച്ചു കടക്കുമ്പോൾ മറ്റൊരു വാഹനത്തെ മറികടന്നു വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഒക്ടോബർ 23-ന് മാലതിയും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചന്തിരൂർ പാലത്തിന് തെക്കുഭാഗത്ത് റോഡിന് പടിഞ്ഞാറ് വശം ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു പുരുഷോത്തമൻ. തട്ടിലെ ലോട്ടറി കാറ്റിൽ പറന്നു പോയപ്പോൾ അത് എടുക്കാൻ ശ്രമിക്കവേ ബൈക്ക് ഇടിക്കുകയായിരുന്നു. മക്കൾ: ശ്രീദേവി, ശ്രീജ, ശ്രീനിവാസൻ, ശ്രിനൂപ്. മരുമക്കൾ: ലാലൻ, ഗിരീഷ്, ശാലു, ആതിര.
Discussion about this post