ആറ്റിങ്ങല്‍: സിഗരറ്റിന് തീ നല്‍കാത്തതിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കത്തില്‍ യുവസൈനികനെയും സുഹൃത്തിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് ആശ്രാമം ലക്ഷ്മണനഗര്‍ ശോഭനമന്ദിരത്തില്‍ പി വിഷ്ണു (28), ആറ്റിങ്ങല്‍ വെള്ളൂര്‍ക്കോണം ആഞ്ജനേയം വീട്ടില്‍ പി ആദര്‍ശ് (25), കിഴുവിലം കാട്ടുംപുറം ഉത്രാടം നിവാസില്‍ വി അജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പോലീസ് മല്‍പ്പിടിത്തത്തിലൂടെയാണ് കീഴടക്കിയത്. അറസ്റ്റിലായ വിഷ്ണു കൊല്ലത്ത് കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മറ്റൊരുകേസില്‍ പോലീസിന് ആക്രമിച്ചശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശിയും സൈനികനുമായ അരുണ്‍, മിഥുന് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെ ആറ്റിങ്ങല്‍ മൂന്നുമുക്കിന് സമീപം അരുണും മിഥുനും മറ്റൊരു സുഹൃത്തായ വിവേകുമൊത്ത് കടയില്‍ നിന്ന് വെള്ളം കുടിക്കുമ്പോള്‍ കാറില്‍ ഇവിടെയെത്തിയ ആദര്‍ശും അജിത്തും സിഗരറ്റ് കത്തിക്കാന്‍ തീ ആവശ്യപ്പെട്ടു. തീയില്ലെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ ഇരുവരും പ്രകോപിതരായി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെ വിഷ്ണു കാറില്‍ നിന്നിറങ്ങിവന്ന് അരുണിനെയും മിഥുനെയും കുത്തുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികള്‍ പാറക്കടവിലെ വീട്ടിലുണ്ടെന്ന് ഡിവൈഎസ്പി പി അനില്‍കുമാറിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ഒഎ സുനിലിന്റെ നേതൃത്വത്തില്‍ എസ്ഐ തന്‍സീം അബ്ദുല്‍സമദ്, സലീം, എസ്സിപിഒമാരായ ജയന്, ഉദയകുമാര്‍, സിപിഒ മാരായ ജ്യോതിഷ്, ദിനോര്‍, പ്രജീഷ്, റിഷാദ്, വിനീഷ്, പ്രസാദ് എന്നിവരടങ്ങുന്ന സംഘം പ്രതികളുടെ ഒളിത്താവളത്തിലെത്തി. പോലീസെത്തിയതറിഞ്ഞ് പുറത്തിറങ്ങിയ പ്രതികള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്ന്ന് മല്‍പ്പിടിത്തത്തിലൂടെ പോലീസ് ഇവരെ കീഴടക്കി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കൊലപാതകശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
Discussion about this post