തൃശൂര്‍: പളളിയില്‍വെച്ച് നടന്ന മനസ്സമ്മത ചടങ്ങിനുശേഷം നവവധു വരനൊപ്പം ഹാളിലേക്ക് ടാങ്കര്‍ ലോറി ഓടിച്ച് എത്തിയതിന്‍രെ കൗതുകത്തിലാണ് ബന്ധുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും. തൃശൂര്‍ മണലൂര്‍ വടക്കേ കാരമുക്ക് പൊറുത്തൂര്‍ പള്ളിക്കുന്നത്ത് ഡേവീസ് – ട്രീസാ ദമ്പതികളുടെ മകള്‍ ഡെലീഷയാണ് ടാങ്കര്‍ ലോറി ഓടിച്ച് ഞെട്ടിച്ചത്.
വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ശനിയാഴ്ച ഉച്ചക്കായിരുന്നു മനസ്സമ്മത ചടങ്ങ് നടന്നത്. ചടങ്ങുകള്‍ അവസാനിച്ച് വേണ്ടപ്പെട്ടവരുമായുള്ള ഫോട്ടോ ഷൂട്ടിനും ശേഷം ടാങ്കര്‍ ലോറിയില്‍ കയറി നവദമ്പതികള്‍ ഹാളിലേക്ക് എത്തുകയായിരുന്നു.
ഡെലീഷയെ മിന്നുകെട്ടുന്നത് കാഞ്ഞിരപ്പിള്ളി ആനക്കല്‍ മേലോത്ത് പരേതരായ മാത്യൂ – ഏത്തമ്മ ദമ്പതികളുടെ മകന്‍ ഹേന്‍സനാണ്. ഇരുവരും മനസ്സമ്മതം അറിയിച്ച് കഴിഞ്ഞ് അര കിലോമീറ്റര്‍ ദൂരത്തുള്ള ഹാളിലേക്ക് ടാങ്കര്‍ ലോറി ഓടിച്ചെത്തുകയായിരുന്നു.
ഡെലീഷയും ഹേന്‍സനും ഗള്‍ഫില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍മാരാണ്. ടാങ്കര്‍ ലോറി ഡ്രൈവറായ പിതാവ് ഡേവിസിനൊപ്പം ഡ്രൈവിംഗ് പഠിച്ച് ഡെലീഷ പിന്നീട്, പിതാവ് ഇല്ലാതെ ടാങ്കര്‍ ലോറി ഓടിച്ച് കൊച്ചിയില്‍ നിന്നും പെട്രോള്‍ എടുത്ത് മലപ്പുറം പമ്പില്‍ എത്തിക്കുന്ന വാര്‍ത്ത മുന്‍പ് വൈറലായിരുന്നു.
ഇതിന് പിന്നാലെയാണ് ഗള്‍ഫ് കമ്പനികള്‍ ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. ഗള്‍ഫില്‍ ടാങ്കര്‍ ലോറി ഡ്രൈവറായി തൊഴില്‍ ചെയ്ത് വരവേയാണ് ജര്‍മ്മന്‍ കമ്പനിയില്‍ ടാങ്കര്‍ ലോറി ഡ്രൈവറായ ഹേന്‍സനെ പരിചയപ്പെട്ടത്.
പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നിശ്ചയിക്കുകയായിരുന്നു.ജനുവരി ഒമ്പതിന് സെന്റ് ആന്റണീ ദേവാലയില്‍ ഉച്ചതിരിഞ്ഞ് നാലിന് നടക്കുന്ന ചടങ്ങില്‍ ഹേന്‍സന്‍ ഡെലിഷയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തും.
Discussion about this post