കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ് കാടുമൂടി കിടക്കുന്ന റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ കൊറ്റങ്കര സ്വദേശിയായ 32-കാരി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍. ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ചല്‍ സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ ഇയാളുടെ കൈയില്‍നിന്നും കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പുതുവത്സര രാത്രിയില്‍ കൊട്ടിയം പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സംശയകരമായി കണ്ട യുവാവിന്റെ പക്കല്‍നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയത്.
എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് ഇയാള്‍ പോലീസിന് നല്കിയ വിശദീകരണം. ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ചിരുന്നു. പിന്നീട് പോലീസ് ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടു.
ഇതോടെയാണ് യുവതിയെ കാണാതായെന്ന് കുണ്ടറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അമ്മ അറിയിച്ചത്. തുടര്‍ന്ന് ഫോണ്‍ കുണ്ടറ പോലീസിന് കൈമാറി. യുവതിയുടെ മരണവിവരം അറിഞ്ഞതോടെയാണ് ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് കുണ്ടറ പോലീസിന് കൈമാറുകയായിരുന്നു.
Discussion about this post