പുതുവത്സരത്തിൽ പ്രഖ്യാപിച്ച ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. പൃഥ്വിരാജ്-ബേസിൽ കോംബോയിൽ ഇറങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകരും കാത്തിരിപ്പ് തുടങ്ങുന്ന വേളയിലാണ് അപ്രതീക്ഷിതമായ ഒരു ഭീഷണി ചിത്രത്തിന് നേരെ എത്തിയത്. ചിത്രത്തിന്റെ പേര് എത്തിയതിന് പിന്നാലെ എന്തെങ്കിലും കാണിച്ചു കൂട്ടിയാൽ വിവരമറിയുമെന്നാണ് പൃഥ്വിക്ക് നേരെ എത്തിയ ഭീഷണി. ഇപ്പോൾ ഈ ഭീഷണി അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് വിശ്വഹിന്ദു പരിഷത്ത്.
പൃഥിരാജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിയുമായി വിശ്വഹിന്ദു പരിഷത്തിന് ബന്ധമില്ലെന്ന് സംഘടന അറിയിക്കുന്നു. വർഷങ്ങൾക്ക് മുൻപ് വി.എച്ച്.പിയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് പോസ്റ്റിട്ടതെന്ന് വി.എച്ച്.പി സംസ്ഥാന അധ്യക്ഷൻ വിജിതമ്പി, ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ എന്നിവർ വ്യക്തമാക്കി. ഒരു സിനിമ ജനിക്കുന്നതിന് മുമ്പ് അതിന്റെ ജാതകം എഴുതാൻ അത്ര ബുദ്ധിയില്ലാത്തവരല്ല വിശ്വഹിന്ദു പരിഷത്തിലുള്ളതെന്നും സംഘടന കൂട്ടിച്ചേർത്തു.
എന്തു സിനിമയാണെങ്കിലും അത് റിലീസ് ചെയ്യട്ടെയെന്നാണ് തങ്ങളുടെ നിലപാട്. സിനിമ വന്നതിനു ശേഷം അതിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ആ സമയത്ത് സംഘടനയുടെ പ്രതികരണം ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. നിലവിലെ വിവാദവുമായി വിശ്വഹിന്ദു പരിഷത്തിന് യാതൊരു വിധ ബന്ധവുമില്ലെന്നും അനാവശ്യമായി വിശ്വ ഹിന്ദു പരിഷത്തിനെ വലിച്ചിഴയ്ക്കരുതെന്നും നേതാക്കൾ ആവശ്യപ്പെടുന്നു.
Discussion about this post