മൂലമറ്റം: ഇന്ത്യന്‍ പാര്‍ലമെന്റെിന്റെ സെന്‍ട്രല്‍ ഹാളില്‍ വാക്കുകള്‍ക്കൊണ്ട് അമ്മാനമാടി കേരളത്തിന്റെ അഭിമാനതാരമായി തൊടുപുഴക്കാരി. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി എന്നിവരുടെ ജന്മവാര്ഷിക ദിനത്തില്‍ ലോക്സഭ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പ്രസംഗിച്ചാണ് തൊടുപുഴ മണക്കാട് സ്വദേശിനി ആന്‍സി ജോസഫ് ശ്രദ്ധ പിടിച്ചുപറ്റിയത്.
നെഹ്റു യുവകേന്ദ്രയുടെയും യൂത്ത് വെല്‍ഫെയര്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിരുന്നു. അങ്ങനെ കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാര്‍ത്ഥിനിയാണ് ആന്‍സി.
ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള അധ്യക്ഷനായ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരും പങ്കെടുത്തിരുന്നു. ചടങ്ങില്‍ പ്രസംഗിക്കാന്‍ ആകെ എട്ടുപേര്‍ക്കാണ് അവസരം ലഭിച്ചത്. ഇതില്‍ രണ്ടാമതായിരുന്നു ആന്‍സിയുടെ ഊഴം.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ മദന്‍ മോഹന്‍ മാളവ്യയെക്കുറിച്ചാണ് ആന്‍സി പ്രസംഗിച്ചത്. മൂലമറ്റം സെന്റ് ജോസഫ് കോളജില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയായ ആന്‍സി തൊടുപുഴ കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരന് ആനച്ചാലില്‍ ജോസഫ് വര്‍ക്കിയുടെയും സീത എം. സ്കറിയയുടെയും മകളാണ്.
Discussion about this post