തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് അവിടെ നിന്നും മോഷണം നടത്തുന്ന പ്രതിയെ പോലീസ് കേരളത്തില്‍ വെച്ച് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് സ്വദേശി വിന്‍സെന്റ് ജോണി(63)നെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് പിടികൂടിയത്. ഇയാള്‍ കൊല്ലത്തുനിന്നാണ് പിടിയിലായത്.
കഴിഞ്ഞദിവസം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം നടത്തിയ പോലീസാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരേ രാജ്യത്തെ വിവിധയിടങ്ങളിലായി ഇരുന്നൂറോളം കേസുകളുണ്ടെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ലാപ്ടോപ്പും മറ്റുമായി കടന്നുകളയുന്നതാണ് ഇയാളുടെ പതിവ് മോഷണ രീതിയെന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലെ ഹോട്ടലില്‍ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ ലാപ്ടോപ്പ് മോഷണം നടത്തിയത്. തന്റെ ലാപ് കേടായെന്നും പകരം ഒരെണ്ണം സംഘടിപ്പിക്കാമോ എന്ന ഇയാളുടെ അഭ്യര്‍ത്ഥന സ്വീകരിച്ചാണ് ജീവനക്കാര്‍ ഹോട്ടലിലെ ലാപ്ടോപ് ഇയാള്‍ക്ക് നല്‍കിയത്. ഇതുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു. ഒപ്പം രണ്ടു ദിവസമായി താമസിച്ചിരുന്ന വകയിലുള്ള ബില്ലും ഇയാള്‍ നല്‍കിയിരുന്നില്ല.
തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തിന് പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് വിന്‍സെന്റ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടുകയായിരുന്നു.
Discussion about this post