സൗത്ത് കരോലിന: മെഡിക്കല്‍ പരീക്ഷയില്‍ ഇരട്ട സഹോദരിമാര്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് അയോഗ്യരാക്കിയ സര്‍വകലാശാലയ്ക്ക് എതിരെ കോടതി. ഇരട്ട സഹോദരിമാര്‍ ഒരേ മാര്‍ക്ക് നേടിയതാണ് പരാതിയ്ക്ക് ആരാധം. സൗത്ത് കരോലിനയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും 1.5 മില്യണ്‍ ഡോളറിന്റെ (124 കോടി രൂപ) നഷ്ടപരിഹാരം ഈടാക്കാന്‍ വിധിച്ചു.
2016 മെയ് മാസത്തില്‍ നടന്ന പരീക്ഷയിലാണ് ഇരട്ട സഹോദരിമാരായ കെയ്ലയും കെല്ലി ബിങ്ഹാമും കോപ്പിയടിച്ചെന്ന് സര്‍വകലാശാല അധികൃതര്‍ ആരോപിച്ചത്. 54 തെറ്റായ ഉത്തരങ്ങള്‍ ഉള്‍പ്പെടെ 307-ല്‍ 296 ചോദ്യങ്ങള്‍ക്കും സമാനമായ രീതിയില്‍ സഹോദരിമാര്‍ ഉത്തരം എഴുതിയതാണ് അന്ന് സര്‍വകലാശാല അധികൃതരില്‍ സംശയത്തിന് കാരണമായത്.
രണ്ടുപേരും ഒരേ ടേബിളില്‍ ഇരുന്ന് പരീക്ഷയെഴുതിയതും അധ്യാപകരില്‍ സംശയം കൂടാന്‍ കാരണമായി. ഉടന്‍ തന്നെ ഇവര്‍ക്കെതിരെ സര്‍വ്വകലാശാല കൗണ്‍സില്‍ അന്വേഷണം ആരംഭിച്ചു. പരീക്ഷയ്ക്കിടെ സഹോദര ജോഡികള്‍ പരസ്പരം സിഗ്നലുകള്‍ നല്‍കുകയും കുറിപ്പുകള്‍ കൈമാറുകയും ചെയ്തു എന്നാണ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. തുടര്‍ന്ന് പരീക്ഷയ്ക്കിടെ ഇവര്‍ കോപ്പിയടിച്ചതായി കൗണ്‍സില്‍ വിധിച്ചു. അതിനുശേഷം അക്കാദമിക് സത്യസന്ധത ഇല്ലായ്മ ആരോപിച്ച് ഇരുവരെയും അയോഗ്യരാക്കുകയായിരുന്നു.
എന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിച്ച ഇവര്‍ തങ്ങള്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും തീര്‍ത്തും അവിചാരിതമായാണ് തങ്ങളുടെ ഉത്തരപേപ്പറുകള്‍ സമാനമായി മാറിയതെന്നും കോടതിയില്‍ പറഞ്ഞു. ഒരു മേശയില്‍ ഇരുന്നാണ് തങ്ങള്‍ പരീക്ഷ എഴുതിയതെങ്കിലും ആറടിയോളം അകലം തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. കൂടാതെ പരസ്പരം കാണാന്‍ ആകാത്ത വിധം പ്രത്യേകം മറക്കുന്ന സംവിധാനവും ഉണ്ടായിരുന്നുവെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു.
തങ്ങളെ വെറും കള്ളികള്‍ മാത്രമായാണ് ഇപ്പോള്‍ സമൂഹം കാണുന്നതെന്നും അതിനാല്‍ പുറത്തിറങ്ങാന്‍ പറ്റുന്നില്ല എന്നും ഇവര്‍ കോടതിയില്‍ വ്യക്തമാക്കി. ഒടുവില്‍ ഇപ്പോള്‍ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കും അനുകൂലമായി കോടതി വിധി വന്നിരിക്കുകയാണ്. ഇരട്ട സഹോദരിമാര്‍ക്ക് അനുകൂലമായി വിധിച്ച ജൂറി അവര്‍ക്ക് മൊത്തം 1.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും വിധിച്ചു.
Discussion about this post