കുറ്റ്യാടി: ഭർതൃപിതാവിന്റെ പീഡനം സഹിക്ക വയ്യാതെ മക്കളെയും കൂട്ടി വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ 25കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ, വേളം ചെറുകുന്ന് സ്വദേശിയായ ഭർതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവിന്റെ പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ബുധനാഴ്ച രാവിലെ പിഞ്ചുമക്കളെയും കൊണ്ട് യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങുകയും തലശ്ശേരി കോടതി പരിസരത്തെ ബീച്ചിലെത്തി വിഷം കഴിക്കുകയുമായിരുന്നു.
തന്നെ ആരും അന്വേഷിക്കേണ്ടെന്നും മക്കളെ സംരക്ഷിക്കണമെന്നും സഹോദരിക്ക് യുവതി വാട്സാപ്പിൽ സന്ദേശം അയച്ചു. കൂടാതെ, ഭർത്തൃപിതാവിന്റെ നിരന്തരമായ ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യുന്നതെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഉടനടി യുവതിയുടെ സഹോദരിയും മാതാവും തലശ്ശേരി പോലീസിൽ വിവരം അറിയിച്ചു.
ശേഷം, മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി പോലീസ് ബീച്ചിലെത്തി യുവതിയെ രക്ഷിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ വിഷം കഴിച്ച് അവശനിലയിലായിരുന്നു യുവതി. സമീപത്തായി കരഞ്ഞുകൊണ്ട് നാല്, ആറ്, ഒമ്പത് വയസ്സുള്ള മൂന്നുമക്കളെയും കണ്ടെത്തി.
Discussion about this post