തിരുവനന്തപുരം: ഇരകളാവാന്‍ മലയാളികളെ മാത്രം ബാക്കിയാക്കി തമിഴ്‌നാടും കര്‍ണാടകയും ഉള്‍പ്പെടെ തെക്കേ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ റമ്മി നിരോധിച്ചു. തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും തെലങ്കാനയും അടക്കം തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളെല്ലാം ഓണ്‍ലൈന്‍ ഗെയിമുകളുടെ ദുരന്തം മനസ്സിലാക്കിയാണ് നിയമംമൂലം നിരോധിച്ചത്.
എന്നാല്‍ കേരളത്തിലാകട്ടെ, ഓണ്‍ലൈന്‍ ലോട്ടറി നിരോധനത്തിന് സമാനമായ ഭേദഗതിയിലൂടെ ഗെയിമുകള്‍ നിരോധിക്കണമെന്ന് ജൂലായില്‍ നിയമവകുപ്പ് ആഭ്യന്തരവകുപ്പിന് നല്‍കിയ ശുപാര്‍ശ എങ്ങും എത്തിയിട്ടില്ല.
റമ്മി പോലുള്ള പണംവച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ തടയാന്‍ പഴുതടച്ച നിയമഭേദഗതി കൊണ്ടുവരുമെന്ന് ആഗസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ റമ്മി കളിക്ക് അടിപ്പെടുന്ന ഉദ്യോഗസ്ഥര്‍ മറ്റുള്ളവരുടെ ബാങ്കു നിക്ഷേപങ്ങളിലും സര്‍ക്കാരിന്റെ ട്രഷറിയിലും തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്തിട്ടും സര്‍ക്കാര്‍ അത് വകവെക്കുന്നില്ലെന്ന് മാത്രം.
ഗെയിമില്‍ കുടുങ്ങിയ പലരും ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ച് 2021 ഫെബ്രുവരിയിലിറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ മറികടക്കാനാണ് നിയമഭേദഗതി വേണ്ടത്. കേരള ഗെയിമിംഗ് ആക്ടിലെ സെക്ഷന്‍ 3 ഭേദഗതി ചെയ്ത് ഗെയിമുകള്‍ നിരോധിക്കാം. ലംഘിച്ചാല്‍ ഒരുവര്‍ഷം തടവിനും 10,000രൂപ പിഴയ്ക്കും ശിക്ഷിക്കാം.
തമിഴ്‌നാട്ടില്‍ സമാന വിജ്ഞാപനം മദ്രാസ് ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ നിയമഭേദഗതിക്ക് ഓര്‍ഡിനന്‍സിറക്കിയിരുന്നു. കര്‍ണാടക സര്‍ക്കാര്‍ നിരോധനം നടപ്പാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.
ഓണ്‍ലൈന്‍ ചൂതാട്ടത്തിനായി പഞ്ചാബ് നാഷണല്‍ ബാങ്കുദ്യോഗസ്ഥന്‍ റിജില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 8കോടി തട്ടിയെടുത്തതാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിലത്തെ സംഭവം. വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്ന് മുമ്പ് 2.7കോടി കൊള്ളയടിച്ച ട്രഷറി അക്കൗണ്ടന്റായ ബിജുലാലും ഓണ്‍ലൈന്‍ ഗെയിമിന്റെ ഇരയാണ്.
20ലേറെപ്പേരാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കടംകയറി ഇതുവരെ ജീവനൊടുക്കിയത്. ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ മലയാള സിനിമാ മേഖലയിലെ പ്രമുഖരാണ് മുഖം കാണിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Discussion about this post