കൊച്ചി: ഗുജറാത്ത് മോഡലിനെ രൂക്ഷമായി വിമര്‍ശിച്ച് കലാമണ്ഡലം കല്പിത സര്‍വലകശാല ചാന്‍സലര്‍ മല്ലിക സാരാഭായ്. കഴിഞ്ഞ ദിവസമാണ് കലാമണ്ഡലം ചാന്‍സലറായി പ്രശസ്ത നര്‍ത്തകി സ്ഥാനമേറ്റത്. നിയമനത്തിന് പിന്നാലെയാണ് നിലവില്‍ ഗുജറാത്തിലുള്ള മല്ലിക സാരാഭായി പ്രതികരിച്ചത്.
ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് വരുകയാണല്ലോ. രണ്ട് മാതൃകകളും തുലനം ചെയ്യാമോ? എന്ന ലേഖകന്റെ ചോദ്യത്തിന്, ഉള്ളില്‍ അര്‍ബുദം ബാധിച്ചയാള്‍ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃക എന്നാണ് മല്ലിക സാരാഭായി മറുപടിയായി പറഞ്ഞത്.
ഇത്രയേറെ കുടുംബങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം ഉണ്ടാകില്ല. സാമ്പത്തിക തകര്‍ച്ചയും വിദ്യാഭ്യാസമില്ലായ്മയും പട്ടിണിയും ഒക്കെയാണ് കൂട്ട ആത്മഹത്യക്ക് കാരണങ്ങള്‍.
അതേസമയം, മലയാളികള്‍ പൊതുവേ സര്‍ക്കാരുകളെ മാറിമാറി പരീക്ഷിക്കുന്നത് സന്തോഷകരമാണ്. പക്ഷേ, ഇത്രയും വിദ്യാസമ്പന്നരായിട്ടും സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവം നിരാശപ്പെടുത്തുന്നതാണ്. അത് ഗുജറാത്തിലെ മലയാളി പുരുഷന്മാരിലുമുണ്ടെന്നും അവര്‍ പറഞ്ഞു.
ഡിസംബര്‍ ആറിനാണ് മല്ലികാ സാരാഭായിയുടെ നിയമന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിലും അവര്‍ പ്രതികരിച്ചു. ഇന്ത്യന്‍ ജനതയോട് കാട്ടിയ നീതികേടാണ് ബാബരി മസ്ജിദ് തര്‍ക്കല്‍ എന്ന് ഇന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ആ ദിവസത്തെ ഞെട്ടലോടെ ഓര്‍ക്കുന്നു. ഭരണഘടനാ ലംഘനങ്ങള്‍ക്കെതിരേ പൊരുതാന്‍ കരുത്തുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
ഇപ്പോള്‍ ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളെ മോചിപ്പിക്കുക. അവര്‍ക്ക് മാലയിടുക. ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ്. ഏത് അമ്പലത്തില്‍പ്പോയി പ്രാര്‍ഥിച്ചാലും മോചനം കിട്ടാത്ത പാതകമാണ് എന്നും മല്ലിക സാരാഭായ് വ്യക്തമാക്കി.
Discussion about this post