കോയമ്പത്തൂർ: പോലീസ് ഇൻസ്പെക്ടറുടെ വേഷം ധരിച്ച് വാഹനപരിശോധന നടത്തി പണം തട്ടിയിരുന്ന യുവാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ വിരുദ്നഗർജില്ലാ തിമ്മംപട്ടി മള്ളങ്കിണർ സ്വദേശി സെൽവമാണ് (39) അറസ്റ്റിലായത്. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് ജില്ലകളിലെ റോഡരികിൽ വാഹനപരിശോധന നടത്തിയാണ് ഇയാൾ പണം തട്ടിയിരുന്നത്.
സ്വന്തം ഭാര്യയേയും അയൽക്കാരേയും പോലും ഇയാൾ പറഞ്ഞു വിസ്വസിപ്പിച്ചിരുന്നത് തമിഴ്നാട് പോലീസിലെ സബ് ഇൻസ്പെക്ടറാണെന്നായിരുന്നു. കരുമത്തംപട്ടി സ്വദേശി ശശികുമാർ എന്നയാളിന് തോന്നിയ സംശയമാണ് സെൽവത്തെ കുടുക്കിയത്.
ശനിയാഴ്ച വൈകീട്ട് ശശികുമാർ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് സെൽവം പോലീസ് വേഷത്തിൽ തടഞ്ഞുനിർത്തിയത്. പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് ശശികുമാർ സുഹൃത്തായ പോലീസുകാരനെ വിവരമറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനഭാഗമായി തങ്ങളെല്ലാവരും ഡ്യൂട്ടിയിലാണെന്നും വാഹനപരിശോധന നടത്തുന്നില്ലെന്നും അറിയിച്ചു.
പിന്നീട് രണ്ടു പോലീസുകാരെ സംഭവസ്ഥലത്ത് അയച്ചപ്പോഴും താൻ കരുമത്തംപട്ടി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആണെന്നാണ് സെൽവം പറഞ്ഞത്. ബുള്ളറ്റും ഹെൽമറ്റും പോലീസിന്റെ പുതിയ ഔദ്യോഗിക യൂണിഫോമും ധരിച്ചാണ് വ്യാജ എസ്ഐ സ്റ്റേഷനിലേക്ക് എത്തിയത്. തുടർന്ന് ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സത്യം എല്ലാവരും അറിയുന്നത്.
തിരുപ്പൂർ തെക്കല്ലൂർ ഭാഗത്ത് സ്പിന്നിങ് മില്ലിലെ ജോലിക്കാരനാണ് താനെന്ന് സെൽവം സമ്മതിക്കുകയായിരുന്നു. വീട്ടിൽനിന്നും ജോലിക്ക് പോകുമ്പോൾ യൂണിഫോം ധരിച്ച് പോകുന്ന സെൽവം വഴിയിൽ വേഷംമാറിയ ശേഷമാണ് മില്ലിൽ ജോലിക്കുപോയിരുന്നത്. പോലീസിൽ ജോലിയാണെന്നറിയിച്ചാണ് ഇയാൾ വിവാഹിതനായത്. ഭാര്യയോടും ബന്ധുക്കളോടും തെക്കല്ലൂരിലെ വീടിനടുത്തുള്ള താമസക്കാരോടും ഇയാൾ പോലീസാണെന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്ന വഴിയിൽ ഇയാൾ പോലീസിന്റെ ഔദ്യോഗിക വേഷം ധരിച്ച് വാഹനപരിശോധന നടത്തിയെന്നത് പോലീസിന്റെ ഗുരുതര കൃത്യവിലോപമായാണ് കണക്കാക്കുന്നത്. കരുമത്തംപട്ടി സ്റ്റേഷൻ ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് സാധ്യതയുണ്ട്
Discussion about this post