കോഴിക്കോട്: അര്‍ദ്ധരാത്രി ലോകകകപ്പ് മത്സരം ടിവിയില്‍ കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ഥി മരിച്ചു. മാവൂര്‍ സ്വദേശി നാദിര്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയില്‍ നടന്ന അര്‍ജന്റീന – ഓസ്ട്രേലിയ മത്സരം ടി വിയില്‍ കാണാനായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
മലപ്പുറം പെരുവള്ളൂരിലെ നജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ നാദിര്‍ സ്കൂളില്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. കോഴിക്കോട് മാവൂര്‍ സ്വദേശി കണ്ണംപിലാക്കല്‍ പറമ്പില്‍ ഹംസക്കോയയുടെയും നഫീസയുടെയും മകനാണ്.
രാത്രിയില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാനായി പുറത്ത് പോകുന്നതിനിടെ കിണറ്റില്‍ വീണതാകാമെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. പരിചയമില്ലാത്ത സ്ഥലമായതിനാല്‍ നായ്ക്കളെ കണ്ടപ്പോള്‍ മാറി നില്ക്കവേ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നുവെന്നാണ് നിഗമനം.
പുലര്‍ച്ചെ ഒന്നരയോടെയാണ് ഹോസ്റ്റലിന് സമീപത്തെ കിണറ്റില്‍ നാദിറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിച്ചിരുന്നു. സ്കൂളിന് സമീപത്തെ ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്. മീഞ്ചന്തയില്‍ നിന്ന് അഗ്നിശമന സേനാ യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ടി ഡി ആര് എഫ് വൊളന്റിയര്‍മാരായ ഫസല്‍ റഹ്മാന് കാടപ്പടി, ഹസീബ് പുളിയം പറമ്പ്, ഷബീബ് എന്നിവരും പ്രദേശത്തെ യുവാക്കളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. തേഞ്ഞിപ്പാലം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post