കോട്ടയം: കാഞ്ഞിരമറ്റം കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സിലെ ഡയറക്ടര്‍ക്കെതിരെ പരാതി ഉന്നയിച്ച് സ്വീപ്പര്‍മാര്‍ രംഗത്ത്. സ്വീപ്പര്മാരെകൊണ്ട് ഡയറക്ടറുടെ വീട്ടുജോലി ചെയ്യിപ്പിക്കുന്നെന്നാണ് ആരോപണം.
സ്ഥാപനത്തിലെ ജോലിക്കുശേഷം വീട്ടുജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ജീവനക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് 32കാരിയായ പരാതിക്കാരിയടക്കം മൂന്നുപേരെ ദിവസവേതനത്തില്‍ കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സില്‍ സ്വീപ്പര്‍ ജോലിക്കെടുക്കുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്കെന്ന് പറഞ്ഞ് ഇന്റര്‍വ്യൂ നടത്തിയെടുത്ത സ്വീപ്പര്‍മാര്‍ക്ക് ഒരുമാസത്തിനുള്ളില്‍ എസ്റ്റേറ്റ് ഓഫിസറുടെയും അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെയും നിര്‍ദേശമെത്തുകയായിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്ക് പുറമേ ഡയറക്ടറുടെ വീട്ടില്‍നിന്നും പ്രത്യേക നിര്‍ദേശമുണ്ട്. ഒരു ജോഡി വസ്ത്രം കൂടി കരുതി വേണം വീട്ടിലെത്താന്‍. കാരണം വീടിന് പുറത്തെ ശുചിമുറിയില്‍നിന്നു കുളിച്ചു വൃത്തിയായതിനുശേഷം മാത്രമാണ് വീടിന് അകത്തേക്കു പ്രവേശനം.
അതേസമയം, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ മറ്റൊരു ജീവനക്കാരന് ഡയറക്ടര്‍ക്കെതിരെ സമാനപരാതികള്‍ മുഖ്യമന്ത്രിക്ക് നല്‍കുകയും ഇത് ഉന്നതവിദ്യാഭ്യാസ വകുപ്പിലേക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഡയറക്ടറുടെ ഇടപെടലില്‍ പരാതി ഒതുക്കി തീര്‍ത്തെന്നും ആരോപണമുണ്ട്.
Discussion about this post