ചെന്നൈ: സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസിൽ നിന്ന് ഗൺമാനെ ലഭിക്കുന്നതിനായുള്ള നീക്കങ്ങൾ നടത്തിയ സംഘപരിവാർ നേതാവ് അറസ്റ്റിൽ. എല്ലാ നീക്കങ്ങളും പൊളിഞ്ഞതോടെ സ്വന്തം വീടിന് നേരെ ബോംബേറ് നടത്തിയതിന് പിന്നാലെയാണ് തമിഴ്നാട്ടിലെ തീവ്രഹിന്ദു സംഘടനയായ ഹിന്ദുമുന്നണിയുടെ കുംഭകോണം ടൗൺ പ്രസിഡന്റ് ചക്രപാണി അറസ്റ്റിലായത്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പെട്രോൾ ബോംബുണ്ടാക്കി വീടിനു നേരെ എറിഞ്ഞശേഷം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. വീടിനു മുന്നിൽ കുപ്പിച്ചില്ലടക്കമുള്ള ബോംബിന്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. ഇതോടെ, ബിജെപി നേതാക്കൾ വീടു സന്ദർശിച്ച് അക്രമികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടു.
സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ കുംഭകോണം എസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും വീട്ടിലെത്തി അന്വേഷണം നടത്തി. എന്നാൽ മൊഴികളിലെ വൈരുധ്യം ശ്രദ്ധിച്ച എസ്പി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബോംബ് സ്വയം എറിഞ്ഞതാണന്ന് ഇയാൾ സമ്മതിച്ചത്. സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിക്കാനായിരുന്നു ശ്രമമെന്നും ഇയാൾ മൊഴി നൽകി. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്ത്.
Discussion about this post