കരിമണ്ണൂർ: 40 വർഷം മുൻപ് പുഴയിൽ നഷ്ടപ്പെട്ടുവെന്ന് ധരിച്ചിരുന്ന അമ്മയെ തിരികെ ലഭിച്ച സന്തോഷത്തിലാണ് തഞ്ചാവൂരിലെ മക്കൾ. ഇടുക്കി കരിമണ്ണൂരിലെ വൃദ്ധസദനത്തിൽ നിന്നാണ് 80 വയസ്സുകാരിയായ അമ്മയെ മക്കൾ കണ്ടെത്തിയത്. 40 വർഷം മുൻപ് ഭർത്താവുമായി പിണങ്ങി ചെറുപ്രായത്തിലുള്ള മക്കളെയും വിട്ട് ഇറങ്ങിയതാണ് മാരിയമ്മ.
പിന്നീട് ഭർത്താവും രണ്ട് മക്കളും ലോകത്തോട് വിടപറഞ്ഞതും മാരിയമ്മ അറിഞ്ഞിരുന്നില്ല. സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രത്യാശ പദ്ധതിയാണ് അമ്മയെ മക്കളുടെ കൈകളിൽ ഭദ്രമായി എത്തിച്ചത്. മൂന്ന് വർഷം മുൻപാണ് കരിമണ്ണൂരിൽ അവശനിലയിൽ കണ്ടെത്തിയ മാരിയമ്മയെ പോലീസ് വൃദ്ധസദനത്തിൽ എത്തിച്ചത്.
സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ എത്തുകയും മാരിയമ്മയോട് തമിഴിൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഇതിലൂടെയാണ് തഞ്ചാവൂരിലെ മക്കളുമായി ബന്ധപ്പെട്ട് അമ്മയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. പുഴയിൽ നഷ്ടമായെന്നാണ് കരുതിയതെന്ന് മകൻ കല്ലൈമൂർത്തി പറഞ്ഞു. നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന അമ്മയെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ഇവർ.
Discussion about this post