തിരുവനന്തപുരം: ബിവറേജസ് കോര്പ്പറേഷന് ഗോഡൗണുകളിലെ സ്റ്റോക്ക് തീര്‍ന്നതോടെ ബെവ്കോയില്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസ്റ്റിലറികള്‍ പൂട്ടുകയും മദ്യക്കമ്പനികള്‍ സപ്ളൈ നിറുത്തുകയും ചെയ്തതോടെയാണ് ബെവ്കോയില്‍ ജനപ്രിയ വിദേശ മദ്യ ബ്രാന്‍ഡുകള്‍ കിട്ടാനില്ലാത്തത്.
മദ്യവില്പനശാലകളിലും ചെറുകിട ബാറുകളിലും സ്റ്റോക്കുള്ളത് വിലകൂടിയ ചുരുക്കം ബ്രാന്‍ഡുകളും വിദേശ നിര്‍മ്മിത മദ്യവും മാത്രമാണ്. കൂടാതെ ബിയറും വൈനും ലഭിക്കുന്നുണ്ട്. ഗോഡൗണുകളില്‍ കെട്ടിക്കിടന്ന അത്ര ജനപ്രിയമല്ലാത്ത വിലകുറഞ്ഞ ചില ബ്രാന്‍ഡുകള്‍ ബാറുകളില്‍ വില്‍ക്കുന്നുണ്ട്. അതും വൈകാതെ തീരുമെന്നാണ് അറിയുന്നത്.
ഗ്രൂപ്പടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ മാത്രമാണ് വലിയ ക്ഷാമമില്ലാത്തത്. എന്നാല്‍ അവിടത്തെ വില സാധാരണക്കാരന് താങ്ങാനാവില്ല. ഫുള്‍ ബോട്ടിലിന് (750 മില്ലി) 1400 രൂപയില്‍ താഴെ വിലയുള്ള ഒറ്റ മദ്യവും മിക്കയിടത്തും ഇല്ല. സര്‍ക്കാര്‍ ഉത്പന്നമായ ജവാന് റം ഇടയ്ക്ക് എത്തുമെങ്കിലും പെട്ടെന്ന് തീരും. സ്പിരിറ്റ് വില കുത്തനെ കൂടിയതോടെയാണ് കമ്പനികള്‍ ഉത്പാദനം കുറച്ചത്. ലിറ്ററിന് 60 രൂപയില്‍ നിന്ന് 76 ആയി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ മദ്യവില കൂട്ടുന്നതിനോട് കമ്പനികള്‍ക്ക് താത്പര്യമില്ല. ടേണ്‍ ഓവര്‍ ടാക്സ് (വിറ്റുവരവ് നികുതി – 13 % ) ഒഴിവാക്കി മദ്യവില കൂട്ടാതെയും നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരാതെയും പരിഹാരമുണ്ടാക്കണമെന്നാണ് കേരളത്തിലെ കമ്പനികളുടെ ആവശ്യം. ഇംപോര്‍ട്ട് ഫീസ് ( 33.75 രൂപ /കെയ്സ്) ഒഴിവാക്കണമെന്നാണ് കേരളത്തിനു പുറത്തുള്ള കമ്പനികളുടെ ആവശ്യം.
അതേസമയം, ബെവ്കോയുടെ ഒരു ദിവസത്തെ ആകെ വില്പന 41 കോടിയില്‍ നിന്ന് 30 ആയി കുറഞ്ഞു. 2021-22 സാമ്പത്തികവര്‍ഷം 14,572 കോടിയായിരുന്നു വിറ്റുവരവ്. ദിവസം 20 ലക്ഷത്തിന്റെ ശരാശരി വില്പനയുണ്ടായിരുന്ന കൊല്ലത്തെ ബെവ്കോ ഷോപ്പില്‍ കഴിഞ്ഞ ദിവസത്തെ വില്പന വെറും നാല് ലക്ഷമായി കുറഞ്ഞു.
ബെവ്കോ വാങ്ങുന്ന മദ്യത്തിന്റെ 80 ശതമാനവും കേരളത്തിലെ 13 ഡിസ്റ്റിലറികള്‍ വഴി ഉത്പാദിപ്പിക്കുന്ന 60 ഓളം കമ്പനികളുടേതാണ്. ബാക്കി 20 ശതമാനം സംസ്ഥാനത്തിന് പുറത്തുള്ള കമ്പനികള്‍ സപ്ളൈ ചെയ്യുന്നതും. ക്ഷാമം കടുത്താല്‍ അനധികൃത മദ്യവും വാറ്റും എംഡിഎംഎ പോലുള്ള രാസ ലഹരിയും സജീവമാവുമെന്നാണ് എക്സൈസിന്റെ ആശങ്ക.
Discussion about this post