തിരുവനന്തപുരം: ജോലിക്ക് എത്തിയ ശേഷം ഇടക്ക് മുങ്ങുന്ന സെക്രട്ടറിയറ്റിലെ ജീവനക്കാരെ പൂട്ടാന്‍ ഫ്ളാപ്പ് ബാരിയറുകള്‍ വരുന്നു. 1.95 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന അക്സസ് കണ്ട്രോള് സംവിധാനം ഡിസംബറില്‍ നടപ്പായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അകത്ത് കയറാനും പുറത്ത് പോകാനും കാര്‍ഡ് ഉരസിയാല്‍ മാത്രം തുറക്കുന്ന ഫ്ളാപ്പ് ബാരിയറുകളാണ് സെക്രട്ടറിയറ്റില്‍ ഒരുങ്ങുന്നത്. ജീവനക്കാര്‍ക്ക് നിലവിലെ തിരിച്ചറിയല്‍ കാര്‍ഡ് മതി. കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ പ്രവേശിക്കുന്നത് ഈ സംവിധാനത്തിലൂടെയാണ്.
സെക്രട്ടേറിയറ്റിലെ പ്രധാന കെട്ടിടത്തിലും രണ്ട് അനക്സുകളിലെ ഗേറ്റുകളിലുമാണ് ഇത് സ്ഥാപിക്കുന്നത്. സൗത്ത് ബ്ളോക്കില്‍ മന്ത്രി വി.എന്‍. വാസവന്റെ ഓഫീസിലേക്ക് കയറുന്നിടത്ത് പരീക്ഷണാര്‍ത്ഥം ഫ്ളാപ്പ് ബാരിയറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. മറ്റിടങ്ങളില്‍ ജോലി പുരോഗമിക്കുകയാണ്
അടുത്ത ഏപ്രില്‍ മുതല്‍ ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി അക്സസ് കണ്ട്രോള് ബന്ധിപ്പിക്കും. പുറത്തേക്കും അകത്തേക്കും പോകുന്ന സമയം രേഖപ്പെടുത്തും. ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് എത്ര തവണ പുറത്തിറങ്ങി എന്നറിയാം. മുങ്ങുന്ന ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടമാകും.
ഔദ്യോഗിക ആവശ്യത്തിനല്ലാതെ പുറത്തുപോകുന്നത് ഈ സംവിധാനത്തിലൂടെ കണ്ടെത്താം. ഇപ്പോള്‍ സെക്രട്ടറിയറ്റില്‍ രാവിലെയും വൈകിട്ടും പഞ്ചിംഗ് നിര്‍ബന്ധമാണ്. എന്നാല്‍, ഇടയ്ക്ക് പുറത്തുപോയാല്‍ രേഖപ്പെടുത്താന്‍ സംവിധാനമില്ല.
നെറ്റ്വര്‍ക്ക് വഴി നിയന്ത്രിക്കുന്ന ഇലക്ട്രോണിക് സംവിധാനമാണ് അക്സസ് കണ്ട്രോള്. സോഫ്റ്റ്വെയറും തിരിച്ചറിയല്‍ കാര്‍ഡിലെ ബാര്‍കോഡുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. രണ്ടുമുതല്‍ നാലു വരെ ഫ്ളാപ്പ് ബാരിയറുകള്‍ ഉണ്ടാകും. കാര്‍ഡ് സൈ്വപ്പ് ചെയ്യുമ്പോള്‍ മാത്രമേ ബ്ളോക്കിംഗ് ഗേറ്റ് എന്നറിയപ്പെടുന്ന ചിറകുപോലുള്ള ഗ്ളാസ് പാളി വശങ്ങളിലേക്ക് നീങ്ങൂ.
സന്ദര്‍ശകര്‍ക്ക് വിസിറ്റര്‍ എന്നെഴുതിയ കാര്‍ഡ് നല്‍കും. മടങ്ങുമ്പോള്‍ കാര്‍ഡ് തിരിച്ചേല്‍പ്പിക്കണം. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ബാരിയറുകള്‍ ഒരുമിച്ച് തുറക്കുന്നതിന് മാസ്റ്റര്‍ കണ്ട്രോള്. കൊച്ചി മെട്രോയുടെ സഹായത്തോടെ കെല്‍ട്രോണാണ് ഇത് സ്ഥാപിക്കുന്നത്.
Discussion about this post