ആലപ്പുഴ: ശബരിമലയിലെ ആചാരം അട്ടിമറിക്കുകയോ മാറ്റുകയോ ചെയ്യേണ്ടതില്ലെന്ന അഭിപ്രായവുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. ശബരിമലയില്‍ 50 വയസുകഴിഞ്ഞ സ്ത്രീകളെ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്ന് കഴിഞ്ഞദിവസം ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷത്തില്‍ പറഞ്ഞ പ്രസ്താവനയെ വിശദീകരിക്കുകയായിരുന്നു ജി സുധാകരന്‍.
യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നത് ചട്ടമാണ്. ആ ചട്ടം മാറ്റിയിട്ടില്ല. ശബരിമലയില്‍ പ്രതിഷ്ഠ നിത്യബ്രഹ്‌മചര്യ സങ്കല്‍പ്പത്തിലായതുകൊണ്ട് അതിങ്ങനെ വെച്ചിരിക്കുകയാണ്. സ്ത്രീകളുടെ പ്രായപരിധി ആരും കുറച്ചിട്ടില്ല. ഇതെല്ലാം നമ്മളെല്ലാവരും ബഹുമാനിച്ച് അംഗീകരിച്ചുപോകുന്ന കാര്യമാണെന്നും അത് മാറ്റിപ്പറയേണ്ടതോ അട്ടിമറി നടത്തേണ്ടതോ ആയ കാര്യമില്ലെന്നുമാണ് സുധാകരന്‍ പറഞ്ഞത്.
ദേവസ്വം മന്ത്രിയായിരുന്ന അന്ന് പുതിയ ദേവസ്വ നിയമം കൊണ്ടുവന്നു. ആ ചട്ടം രാജ്യത്ത് പുതിയൊരു നിയമം കൊണ്ടുവന്നപ്പോഴും മാറ്റിയില്ലെന്നും സ്ത്രീയെ വെച്ചപ്പോള്‍ അവരുടെ വയസ് 60 ആക്കി. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ രണ്ടു സ്ത്രീകള്‍ക്കാണ് ജോലി കൊടുത്തത്. അതും 60 ആണ്. അവിടെ പ്രായവ്യത്യാസമില്ലാതെ മിക്ക ക്ഷേത്രങ്ങളിലും കയറാമെന്നും സുധാകരന്‍ പ്രതികരിച്ചു.
കൂടാതെ ജന്മസമയത്തെ ഗ്രഹനില അന്ധവിശ്വാസമായി തള്ളികളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു ജീവി പിറന്ന് വീഴുമ്പോള്‍ ആ സമയത്തെ സോളാര്‍ സിസ്റ്റം അത് ഈ വ്യക്തിയെ സ്വാധീനിക്കുമെന്നാണ് അവര്‍ പറയുന്നത്. സ്വാധീനിക്കില്ലാ എന്ന് എനിക്ക് പറയാന്‍ പറ്റുമോ. അവര്‍ പറഞ്ഞത് അന്ധവിശ്വാസമൊന്നും അല്ല. പ്രപഞ്ചത്തിന്റെ ചലനം ജനിച്ചുവീഴുന്ന കുഞ്ഞിനെ സ്വാധീനിക്കുമെന്ന് അവര്‍ പറയുന്നു. അതിനെ അന്ധവിശ്വാസമായി തള്ളാന്‍ പറ്റില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
Discussion about this post