തൃപ്പൂണിത്തുറ: തെരുവുനായ്ക്കളെ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നത് മെറ്റാലിക്ക് പെയിന്റ്. പേ വിഷബാധയ്ക്കെതിരെ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കുത്തിവെയ്പ്പിന്റെ ഭാഗമായാണ് ഈ കണ്ണില്ലാത്ത ക്രൂരത അറങ്ങേറുന്നത്. ചില നായ്ക്കളുടെ തലയിലും മുഖത്തുമൊക്കെ പെയിന്റുകൊണ്ട് വലിയ രീതിയിൽ വരച്ചു വിട്ടിരിക്കുകയാണ്. ഈ ചിത്രം ഇപ്പോൾ സൈബറിടത്തും നിറയുകയാണ്.
കുത്തിവെപ്പ് നടത്തിയതാണോ അല്ലയോ എന്നറിയാനായി കുത്തിവെപ്പ് നടത്തുന്നവർ ചെയ്തിരിക്കുന്ന അടയാളപ്പെടുത്തലുകളാണിതെന്നാണ് നൽകുന്ന വിശദീകരണം. പെയിന്റ് നായ്ക്കളുടെ കണ്ണിലും ചെവിയിലുമൊക്കെ വീണ് അവ അസ്വസ്ഥതകളോടെയാണ് നായ്ക്കൾ പരക്കം പായുന്നതെന്ന് എസ്.പി.സി.എ. അധികൃതർ പറഞ്ഞു.
ഇത്തരത്തിൽ ഒട്ടേറെ നായ്ക്കളെയാണ് കണ്ടെത്തിയതെന്നും മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണിതെന്നും എസ്.പി.സി.എ. എറണാകുളം സെക്രട്ടറി ടി.കെ. സജീവ് പറയുന്നു. ഇങ്ങനെ അടിക്കാൻ ഉപയോഗിച്ച പെയിൻറ് പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. നായ്ക്കൾക്ക് ഒരു കുഴപ്പവും ഉണ്ടാകാത്തവിധം ചായംകൊണ്ട് അവയുടെ ദേഹത്ത് സ്പോട്ട് മാർക്കിങ് മാത്രമേ നടത്താൻ പാടുള്ളൂ. നായ്ക്കളുടെ ദേഹത്തുനിന്ന് പെയിന്റ് നീക്കം ചെയ്യാനായി ശ്രമം നടത്തിയെങ്കിലും പൂർണമായും സാധിച്ചിട്ടില്ലെന്നും ടി.കെ. സജീവ് വ്യക്തമാക്കി.
Discussion about this post