മുംബൈ: ബോളിവുഡ് ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍(81) അന്തരിച്ചു. പ്രൊഗ്രസീവ് സൂപര്‍ ന്യൂക്ലിയര്‍ പാള്‍സി എന്ന അസുഖം ബാധിച്ച് ഓര്‍മ ശക്തിയും ശരീരത്തിന്റെ സന്തുലിതാവസ്ഥയും നഷ്ടപ്പെട്ട കാദര്‍ ഖാന്‍ ഏറെ നാള്‍ കിടപ്പിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കാദര്‍ഖാന്‍ അന്തരിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് നിഷേധിച്ചുകൊണ്ട് മകന്‍ രംഗത്തുവന്നു. ഇതിനുശേഷമാണ് ടൊറന്റോയില്‍ വച്ച് മരണം സംഭവിക്കുന്നത്.
കാബൂളില്‍ ജനിച്ച കാദര്‍ ഖാന്‍ 1973ല്‍ പുറത്തിറങ്ങിയ ‘ദാഗ്’ എന്ന സിനിമയിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 250ഓളം ചിത്രങ്ങള്‍ക്ക് സംഭാഷണം രചിച്ചു. 300ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഹാസ്യ വേഷങ്ങളായിരുന്നു അദ്ദേഹം ഏറെയും ചെയ്തിരുന്നത്?. വില്ലനായും വേഷമിട്ടിട്ടുണ്ട്. സിനിമാതാരമാവുന്നതിനു മുമ്പ് രന്ദിര്‍ കപൂര്‍-ജയ ബച്ചന്‍ ജോഡി അഭിനയിച്ച ‘ജവാനി ദിവാനി’ എന്ന ചിത്രത്തിന് സംഭാഷണമെഴുതിയിട്ടുണ്ട്.
അമിതാഭ് ബച്ചന്റെ പല ഹിറ്റ് ഹിന്ദി ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയതും കാദര്‍ ഖാനായിരുന്നു. ലാവാറിസ്, കൂലി, മുഖദ്ദര്‍ കി സിക്കന്ദര്‍, മിസ്റ്റര്‍ നട്വര്‍ലാല്‍, അമര്‍ അക്ബര്‍ ആന്റണി, പര്‍വാരിഷ് തുടങ്ങിയ ബച്ചന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളെല്ലാം പിറന്നുവീണത് കാദര്‍ ഖാന്റെ തൂലികയില്‍ നിന്നാണ്. ഗോവിന്ദയുടെ ആന്റി നമ്പര്‍ വണ്ണാണ് അവസാനമായി തിരക്കഥ ഒരുക്കിയ ചിത്രം.
അസ്ര ഖാനാണ് ഭാര്യ. നടനും നിര്‍മാതാവുമായ സര്‍ഫരാസ് ഖാന്‍ അടക്കം രണ്ട് മക്കളുണ്ട്.
Discussion about this post