പേരാമ്പ്ര: അർബുദ രോഗ ബാധിതനായ ഗൃഹനാഥനും കുടുംബത്തിനും കൈത്താങ്ങ് ആയി ബാങ്ക് ജീവനക്കാർ. കുടുംബത്തിൻ്റെ വായ്പക്കുടിശ്ശിക അടച്ച് നൽകിയാണ് ബാങ്ക് ജീവനക്കാർ സഹായം നൽകിയത്.
എരവട്ടൂർ പടപ്പനാട്ട് മീത്തൽ ഗിരീഷ് കുമാറിനാണ് കേരളാ ബാങ്ക് പേരാമ്പ്ര ശാഖാ ജീവനക്കാർ സഹായഹസ്തം നീട്ടിയത്. കാൻസർ ബാധിതനായി നാല് ശസ്ത്രക്രിയകൾക്ക് ഗിരീഷ് കുമാറിന് വിധേയനാകേണ്ടിവന്നിരുന്നു. പിന്നാലെ ചികിത്സാ സഹായക്കമ്മിറ്റിരൂപീകരിച്ച് നാട്ടുകാർ സഹായം നൽകിയിരുന്നു.
ഇതിനിടയിലാണ് 2016-ൽ ഗിരീഷ് കുമാർ എടുത്തിരുന്ന 45,000 രൂപയുടെ വായ്പ കുടിശ്ശികയായത്. പലിശയടക്കം 90,000 രൂപയായി കുടിശ്ശിക ഉയർന്നതോടെ സഹായിക്കാൻ ജീവനക്കാർ തന്നെ സന്നധരായിരുന്നൂ.
ഹോട്ടൽ തൊഴിലാളിയായിരുന്ന ഗിരീഷ് കുമാറിന് ജോലിക്കൊന്നും പോകാനായിരുന്നില്ല.
ഇതിനിടെ കുടിശ്ശിക പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി ബ്രാഞ്ച് മാനേജർ പി. റീനയും ഏരിയ മാനേജർ സജിത് കുമാറും വീട്ടിലെത്തിയപ്പോഴാണ് ഗിരീഷ് കുമാറിന്റെ അവസ്ഥ കണ്ടത്. ഓടിട്ട വീട് മേൽക്കൂര പൊളിഞ്ഞ് താമസിക്കാൻ പറ്റാത്ത സ്ഥിതിയിലെത്തിയതോടെ തിരിച്ചടവിനെക്കുറിച്ചൊന്നും സംസാരിക്കാതെ തിരികെയെത്തിയ മാനേജർ ജീവനക്കാരോട് ഇക്കാര്യം അറിയിച്ചു.
പിന്നാലെ എല്ലാവരും ചേർന്ന് തുകയെടുത്ത് വായ്പ തീർപ്പാക്കി ആധാരം കുടുംബത്തിന് തിരികെ നൽകുകയായിരുന്നു.
ഒപ്പം ചെറിയൊരു സമ്മാനവും നൽകിയാണ് ജീവനക്കാർ കുടുംബത്തെ യാത്രയാക്കിയത്. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ഗിരീഷ് കുമാറിന്റെ ഭാര്യ ഷീനയ്ക്ക് ആധാരം കൈമാറി.
Discussion about this post