കൊല്ലം: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണ മരണം. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഗോപകുമാറും പ്ലസ് ടു വിദ്യാർത്ഥിനിയുമായ മകൾ ഗൗരിയുമാണ് മരണപ്പെട്ടത്. കൊല്ലം മൈലക്കോട് ദേശീയ പാതയിലാണ് ദാരുണ അപകടം നടന്നത്. മകൾ ഗൗരിയെ സ്കൂളിൽ കൊണ്ടുവിടാനുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്.
ചാത്തന്നൂർ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ കൊമേഴ്സ് വിദ്യാർത്ഥിനിയാണ് ഗൗരി. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലർ ഇവരുടെ ബൈക്കിന് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ചുതന്നെ ഗോപകുമാർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
സാരമായി പരിക്കേറ്റ ഗൗരിയെ ഉടനടി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിതാവിന്റെ മരണത്തിന് പിന്നാലെ ഗൗരിയും ലോകത്തോട് വിടചൊല്ലി. 2 ജീവനും പൊലിയാൻ ഇടയാക്കിയത് ലോറി ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധയും അനാസ്ഥയുമാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
ബൈക്കിന്റെ പിന്നിൽ വന്നിടിച്ച ശേഷം ലോറി 20 മീറ്ററോളമാണ് വലിച്ചുകൊണ്ടുപോയത്. തുടർന്നും മുന്നോട്ടെടുത്ത ലോറിയെ നാട്ടുകാർ ഓടിക്കൂടിയാണ് പിടിച്ചുവെച്ചത്. അപകട സ്ഥലത്തുനിന്ന് നൂറു മീറ്റർ അകലെയാണ് ലോറി നിർത്തിയത്. പിഴവ് ലോറി ഡ്രൈവറുടെ ഭാഗത്ത് തന്നെയാണെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും വ്യക്തമാക്കി.
Discussion about this post