തിരുവനന്തപുരം: ബിരുദ വിദ്യാര്‍ഥിയായ ഷാരോണ്‍ രാജിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മ അന്വേഷണം വഴിതെറ്റിക്കാനായി ശ്രമിച്ചെന്ന് പോലീസ്. ഇതിനായി ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് മാര്‍ഗങ്ങള്‍ തേടി. കൂടാതെ കേസിലെ കൂട്ടുപ്രതികളായ അമ്മയേയും അമ്മാവനേയും രക്ഷിക്കാനായി മൊഴി നല്‍കേണ്ടത് എങ്ങനെയെന്ന് പറഞ്ഞു പഠിപ്പിക്കുകയും ചെയ്തു.
മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് കൊലപാതകത്തിനും അതിനു ശേഷം തെളിവു നശിപ്പിക്കാനും അമ്മ സിന്ധുവിന്റെയും അമ്മാവന്‍ നിര്‍മല്‍ കുമാറിന്റെയും സഹായം ലഭിച്ചെന്ന് കണ്ടെത്തിയതോടെ ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി.
പാറശാല മുര്യങ്കര ജെപി ഹൗസില്‍ ജെപി ഷാരോണ്‍ രാജിന്റെ (23) കൊലപാതകക്കേസില്‍ ഇതോടെ പ്രതികളുടെ എണ്ണം മൂന്നായി. ഷാരോണിനു കുടിക്കാന്‍ നല്‍കിയ കഷായത്തില്‍ കളനാശിനി കലക്കാന്‍ ഗ്രീഷ്മയെ അമ്മ സിന്ധു സഹായിച്ചെന്ന് പോലീസ് അറിയിച്ചു. ഈ കളനാശിനിയുടെ കുപ്പി നശിപ്പിച്ചത് അമ്മാവനാണ്.
എന്നാല്‍ അമ്മയ്‌ക്കോ മറ്റാര്‍ക്കെങ്കിലുമോ സംഭവത്തില്‍ പങ്കില്ലെന്നാണ് ആയിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. എന്നാല്‍ അമ്മാവനെ ചോദ്യം ചെയ്തതോടെ തന്നെ ഇരുവരുടെയും മൊഴികളിലെ വൈരുധ്യം പോലീസ് തിരിച്ചറിഞ്ഞിരുന്നു.
വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നു വ്യക്തമായത്. ഗ്രീഷ്മ വിളിച്ചതനുസരിച്ച് ഷാരോണ്‍ വീട്ടിലെത്തിയത് ഇവരുടെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു. ഷാരോണ്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് അമ്മയും അമ്മാവനും പുറത്തുപോയത്.
also red-ഭര്‍തൃവീട്ടിലെ പീഡനം സഹിക്കാനാകാതെ രണ്ടാം ഭാര്യയും ജീവനൊടുക്കി; യുവാവ് അറസ്റ്റില്‍
തുടക്കത്തില്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചതെന്നായിരുന്നു നിഗമനം. എന്നാല്‍, പുറത്തുപോയ ഇരുവരും അധികം ദൂരേയ്ക്കു പോയിരുന്നില്ലെന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധന തെളിയിച്ചു. ഇതോടെ കൊലപാതകത്തിന് പിന്നിലെ ആസൂത്രണം പോലീസ് തിരിച്ചറിയുകയായിരുന്നു.
ഷാരോണിനു നല്‍കിയ കഷായത്തില്‍ ചേര്‍ത്ത കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞെന്നും, അമ്മാവന്‍ അതെടുത്തു കളഞ്ഞെന്നുമാണ് ഗ്രീഷ്മ മൊഴി നല്‍കിയത്. അതേസമയം, അന്വേഷണം വഴിതെറ്റിക്കുന്നത് എങ്ങനെയെന്നും പിടിക്കപ്പെട്ടാല്‍ എങ്ങനെയൊക്കെ മൊഴി നല്‍കണമെന്നും ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പോലീസിനോട് എന്തു പറയണമെന്ന് ഗ്രീഷ്മ ഓരോ ബന്ധുക്കളെയും പഠിപ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post