കേരളത്തിൽ അടുത്ത കാലത്ത് സ്ത്രീകൾ നടത്തുന്ന കുറ്റകൃത്യങ്ങളിൽ പ്രതികരണം അറിയിച്ച് സംവിധായകൻ രതീഷ് രഘുനന്ദൻ. ഒടുവിലായി ഗ്രീഷ്മ നടത്തിയ കൊലപാതകത്തിൽ ആണ് രതീഷ് പ്രതികരണം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സ്ത്രീകൾ സമീപകാല കുറ്റകൃത്യങ്ങൾ വച്ചുനോക്കുമ്പോൾ തന്റെ ഷൈനി പാവമല്ലേ എന്നാണ് രതീഷിന്റെ ചോദ്യം.
രതീഷ് സംവിധാനം ചെയ്ത ഉടൽ സിനിമയിലെ നായികാ കഥാപാത്രത്തെ ചൂണ്ടിക്കാണിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിൽ നടി ദുർഗകൃഷ്ണയാണ് ഷൈനിയെ അവതരിപ്പിച്ചത്. ഉടൽ സിനിമയിൽ സ്ത്രീ കഥാപാത്രം ക്രൂരകൃത്യം ചെയ്തപ്പോൾ പലരും സംശയിച്ചെന്നും ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോ എന്നുപോലും തന്നോട് ചോദിച്ചവരുണ്ടെന്നും രതീഷ് പറയുന്നു.
ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ തുടങ്ങിയവരെ വെച്ച് നോക്കുമ്പോൾ സത്യത്തിൽ ഷൈനി പാവമല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. കൂടാതെ, സമീപകാല സ്ത്രീ കുറ്റവാളികളെ കുറിച്ചാലോചിക്കുമ്പോൾ സത്യത്തിൽ ഷൈനി നിവർത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ. മുകളിൽ പറഞ്ഞ ആർക്കുമില്ലാതിരുന്ന നിവർത്തികേടുകൊണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ.. !
ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ…
സമീപകാല സ്ത്രീ കുറ്റവാളികളെ കുറിച്ചാലോചിക്കുമ്പോള്‍ സത്യത്തില്‍ ഷൈനി നിവര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ. മുകളില്‍ പറഞ്ഞ ആര്‍ക്കുമില്ലാതിരുന്ന നിവര്‍ത്തികേടുകൊണ്ട്…
ഉടല് കണ്ട് ഒരു ചെറിയ വിഭാഗം ആളുകളെങ്കിലും സംശയിച്ചിരുന്നു, ചോദിച്ചിരുന്നു, ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോയെന്ന്. എന്തിനേറെ, സിനിമ കാണാതെ കേട്ടറിവു കൊണ്ട് മാത്രം ഉടലില്‍ മുഴുവന്‍ സ്ത്രീ വിരുദ്ധതയെന്ന് ഡീഗ്രേഡ് ചെയ്ത യുവസംവിധായകനെ പോലുമറിയാം. ചുറ്റുമൊന്നു നോക്കൂ, ഷൈനിയേക്കാള് കടുകട്ടി മനസ്സുള്ളവരെ കാണാം. ഒരു തരിമ്പു പോലും സഹതാപമര്‍ഹിക്കാത്ത കരിമ്പാറ മനസ്സുള്ളവരെ. സ്നേഹനിരാസവും അവഗണനയും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷവുമാണ് സിനിമയിലെ ഷൈനിയെ കൊലയാളിയാക്കിയത്. ജീവിതത്തിലെ കൊലയാളികളുടെ, കൊലപാതകത്തിനുള്ള പ്രേരണകള്‍ കണ്ട് പേടിയാകുന്നു!
Discussion about this post