ചാത്തന്നൂർ: സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി സഹായം തേടി ബംഗാൾ സ്വദേശിയായ 45കാരൻ ഉത്തം ബർമാൻ. സമ്മാനാർഹമായ ലോട്ടറിയുമായാണ് ഉത്തം സ്റ്റേഷനിലേയ്ക്ക് ഓടിയെത്തിയത്. ഭാഗ്യവാനെ സുരക്ഷിതനായി പോാലീസ് സ്റ്റേഷനിൽ നിർത്തിയ ശേഷം പോലീസ് ജീപ്പിൽ തന്നെ ബാങ്കിൽ എത്തിച്ച് ടിക്കറ്റ് കൈമാറുകയും ചെയ്തു.
ഭാഗ്യക്കുറി വിൽപന നടത്തിയ സ്ത്രീയുടെ പക്കൽ നിന്ന് കഴിഞ്ഞ ദിവസമാണ് എ എക്സ് 170874 നമ്പർ ടിക്കറ്റ് എടുക്കുന്നത്. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ഉത്തമിന് ലഭിച്ചത്. അഞ്ചു വർഷം മുൻപാണ് ഉത്തം കേരളത്തിലേയ്ക്ക് നിർമ്മാണ തൊഴിലാളിയായി എത്തിയത്. ഇപ്പോൾ ചാത്തന്നൂരിൽ താമസിച്ച് ജോലി ചെയ്യുകയാണ്. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കു പോകുന്നതിനു മുൻപ് ചായ കുടിക്കാൻ എത്തിയപ്പോൾ പത്രത്തിൽ നറുക്കെടുപ്പ് ഫലം നോക്കിയപ്പോഴാണ് താനാണ് ജേതാവ് എന്ന് ഉത്തം അറിഞ്ഞത്.
പിന്നാലെ കൂടെ താമസിക്കുന്ന ഏതാനും സുഹൃത്തുക്കൾക്ക് ഒപ്പം ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ എത്തി. എസ്ഐ ആശ വി രേഖ വിവരങ്ങൾ ആരാഞ്ഞ ശേഷം ടിക്കറ്റ് ഒത്തു നോക്കി സമ്മാനം ലഭിച്ചതാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. ബാങ്ക് തുറക്കുന്നത് വരെ ഇവരോട് സുരക്ഷിതമായി സ്റ്റേഷനിൽ തങ്ങാൻ നിർദേശിക്കുകയും ചെയ്തു.
ബാങ്ക് തുറന്നപ്പോൾ പോലീസുകാർക്കൊപ്പം ഉത്തം ബർഹാനെ പോലീസ് ജീപ്പിൽ എസ്ബിഐ ശാഖയിൽ എത്തിച്ചു. ശേഷം, പോലീസുകാരുടെ സാന്നിധ്യത്തിൽ തന്നെയാണ് സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഏൽപ്പിച്ചത്. ഭാര്യയും രണ്ട് കുട്ടികളുമാണ് ഉത്തമിന് ഉള്ളത്.
Discussion about this post