തിരുവല്ല: ഗൃഹപ്രവേശം കഴിഞ്ഞ് വീട്ടുകാര്‍ താമസം തുടങ്ങിയതിന്റെ രണ്ടാം ദിനം വീട്ടില്‍ നിന്നും 17 പവനും ഒന്നര ലക്ഷത്തോളം രൂപയും കവര്‍ന്നയാള്‍ പോലീസ് പിടിയിലായി. കന്യാകുമാരി പാലവിള പുല്ലുവിള പുതുവല്‍ വീട്ടില്‍ സെല്‍വരാജ് ക്രിസ്റ്റഫര്‍ (43) ആണ് മാര്‍ത്താണ്ഡത്ത് വെച്ച് അറസ്റ്റിലായത്.
ഇയാളില്‍ നിന്നും മോഷണമുതലായ ഒന്‍പത് ലക്ഷത്തോളം രൂപയും കണ്ടെടുത്തു. എസ്സിഎസ് കവലയിലെ പിയാത്തോ സ്റ്റുഡിയോ ഉടമ ലീ പിയാത്തയില്‍ ലീലാ ബോബിയുടെ വീട്ടിലാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി മോഷണം നടന്നത്.
പ്രധാന വാതിലിനോട് ചേര്‍ന്ന ജനാലയുടെ കൊളുത്ത് നീക്കിയശേഷം അതുവഴി കമ്പി ഉപയോഗിച്ച് വാതിലിന്റെ കുറ്റി തുറന്ന് അലമാര നീക്കിവെച്ചാണ് ഇതിനകത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്.
അതേസമയം, മോഷണസമയത്ത് മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്നു കുടുംബാംഗങ്ങള്‍. രാവിലെയാണ് ഇവര്‍ കവര്‍ച്ചാവിവരം അറിയുന്നത്. സംഭവസ്ഥലത്തുനിന്നും പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കൂടാതെ, സ്ഥലത്തുനിന്നു ശേഖരിച്ച വിരലടയാളവും സെല്‍വരാജിനെ പിടികൂടാന്‍ സഹായിച്ചു.
also read-‘ഫയര്‍ ഹെയര്‍കട്ട്’ പരീക്ഷണം: യുവാവിന് തലയിലും മുഖത്തും തീപിടിച്ചു ഗുരുതരമായി പൊള്ളലേറ്റു
നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് സെല്‍വരാജ്. ഫിംഗര്‍ പ്രിന്റ് ബ്യൂറോവഴി വിരലടയാളം ഒത്തുനോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ തേടി കന്യാകുമാരിയിലേക്ക് തിരുവല്ല പോലീസ് പോയിരുന്നു. വീട്ടിലുണ്ടായിരുന്ന പ്രതിയെ പോലീസ് നിരീക്ഷിച്ചാണ് മാര്‍ത്താണ്ഡത്ത് വെച്ച് പിടികൂടിയതെന്ന് ഡിവൈഎസ്പി ടി രാജപ്പന് പറഞ്ഞു. മോഷണമുതല്‍ മാര്‍ത്താണ്ഡത്തെ സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണെന്ന് ഇയാള്‍ പോലീസിനോടുപറഞ്ഞു. പ്രതിയെ റിമാന്‍ഡു ചെയ്തു.
Discussion about this post