കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗിന്റേതെന്ന പേരില്‍ തന്റെ അച്ഛന്റെ ചിത്രം പ്രചരിപ്പിക്കുന്നതായി യുവാവിന്റെ പരാതി. ഗോകുല്‍ പ്രസന്നന് എന്ന വിദ്യാര്‍ത്ഥിയാണ് തന്റെ പിതാവിന് നേരെ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയത്.
കഴിഞ്ഞദിവസം നടന്ന കോടിയേരി ബാലകൃഷ്ണന് അനുസ്മരണ പരിപാടിയില്‍ പ്രസന്നന് പങ്കെടുത്ത ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്. നരബലി നടത്തിയ ഭഗവല്‍ സിങിന്റെ സിപിഎം ബന്ധം ആരോപിച്ചാണ് സിപിഎം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ പ്രസന്നനെതിരെ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയത്.
രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ ആളെന്ന പേരില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ തന്റെ അച്ഛന്റെ ചിത്രം പ്രചരിപ്പിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ പരാതി നല്‍കുമെന്നും പത്തനംതിട്ട സ്വദേശിയും വിദ്യാര്‍ത്ഥിയുമായ ഗോകുല്‍ പ്രസന്നന് വ്യക്തമാക്കി. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എന്റെ പിതാവും സിപിഎം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കെ എസ് ടി എയുടെ സംസ്ഥാന കമ്മിറ്റി അംഗവും ആയ പി കെ പ്രസന്നന്, കഴിഞ്ഞദിവസം സഖാവ് കോടിയേരി അനുസ്മരണം സിപിഐ(എം) ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നതില്‍ എന്റെ പിതാവും ഉണ്ടായിരുന്നു..
അതാണ് ഭഗവത് സിംഗ് എന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട് അങ്ങനെയുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 35 വര്‍ഷത്തെ അധ്യാപക ജീവിതത്തിലൂടെ നേടിയ സല് പേര് തകര്‍ക്കാന്‍ ശ്രമിച്ചതിനും സൈ്വര്യജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചതിനും മാനനഷ്ട കേസ് നല്‍കുന്നതാണ്.
Discussion about this post