കാസര്‍ഗോഡ്: കുമ്പള അനന്ത പത്മനാഭ സ്വാമി ക്ഷേത്രക്കുളത്തിലെ ചത്ത ബബിയ മുതലയുടെ ദര്‍ശനം മൂന്നു തവണ ലഭിച്ചിട്ടുണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. ആരെയും ഉപദ്രവിക്കാത്ത മുതലയാണ് ബബിയ. ഭക്തിനിര്‍ഭരമായി വിളിച്ചാല്‍ അത് ദര്‍ശനം കൊടുക്കും. മൂന്ന് തവണ ഭാര്യയും കുട്ടികളുമായി അവിടെ പോയിട്ടുണ്ടെന്നും ഉണ്ണിത്താന് പറഞ്ഞു.
മാത്രമല്ല, മുതലയ്ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ ആലോചനയുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ക്ഷേത്രത്തിലെ വിശ്വാസികളാണ് ജനപ്രതിനിധിയെന്ന നിലയില്‍ ബബിയയ്ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ സഹായിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടത്. ബബിയയുടെ രൂപം ലോഹത്തില്‍ നിര്‍മിച്ച് സ്ഥാപിക്കാനാണ് ആലോചനയെന്നും ഉണ്ണിത്താന് പറഞ്ഞു.
ബബിയ ചത്ത വിവരം അറിഞ്ഞപ്പോള്‍ തന്നെ അങ്ങോട്ട് പോയി. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞശേഷമാണ് അവിടെ നിന്ന് തിരിച്ചുപോന്നത്. താന്‍ കുടുംബസമേതം മൂന്നു തവണ ക്ഷേത്രത്തില്‍ പോയിട്ടുണ്ടെന്നും ആ സമയത്തെല്ലാം ബബിയയുടെ ദര്‍ശനം ലഭിച്ചിട്ടുണ്ടെന്നും ഉണ്ണിത്താന് പറഞ്ഞു.
എന്നാല്‍ വളരെ പ്രാര്‍ത്ഥനയോടെ ബബിയയെ വിളിച്ചപ്പോള്‍ പുറത്തുവരുകയും ദര്‍ശനം നല്‍കുകയും ചെയ്തു. ഞങ്ങള്‍ അതിന് ആഹാരം കൊടുക്കുകയും ചെയ്തു. മൂന്നു പ്രാവശ്യം ദര്‍ശനം കിട്ടിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ വെടിവച്ച് കൊന്ന ശേഷം അത് പുനര്‍ജനിച്ച് ഇവിടെയെത്തി എന്നതാണ് വിശ്വാസം.
ഇന്ന് അതിരാവിലെ മേല്‍ശാന്തിയും തന്ത്രിയും മരണവിവരം അറിയിച്ചിരുന്നു. ചെന്നപ്പോള്‍ തന്നെ വലിയൊരു ആരാധകകൂട്ടം അവിടെയുണ്ടായിരുന്നു. ഞാന്‍ മൃതശരീരത്തില്‍ റീത്ത് വച്ചു. അമ്പലത്തിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി. ഇതിനിടയില്‍ ഞാന്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ച് അവിടെ തന്നെ എത്തി. പോസ്റ്റുമോര്‍ട്ടം സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു.
ഇന്നാണ് ജനങ്ങളുടെ ഇത്രയും വിശ്വാസം ഞാന്‍ മനസിലാക്കിയത്. ദക്ഷിണ കന്നഡയില്‍ നിന്ന് പോലും ആളുകള്‍ ഇവിടെയത്തി. പ്രമാണിയായ ആള് മരിച്ചാല്‍ പോലും ഇത്രയും ആളുകള്‍ എത്തില്ല. ഞാനും പ്രാര്‍ത്ഥനയോടെയാണ് അവിടെ നിന്നത്. ദൈവത്തിന്റെ പ്രതിനിധിയായിട്ടാണ് ബബിയയെ കാണുന്നത്. ചടങ്ങുകളുടെ ചിത്രം മൊബൈലില്‍ പകര്‍ത്താനും അനുവദിച്ചില്ല. ദൈവീക കര്‍മ്മം നടക്കുമ്പോള്‍ ആരും ചിത്രം പകര്‍ത്തരുതെന്ന് പറഞ്ഞിരുന്നു. ഒന്നരയോടെയാണ് അടക്കം ചെയ്തത്. ശേഷമാണ് ഞാന്‍ മടങ്ങിയത്.
അമ്പലത്തിലെ നിവേദ്യമാണ് ഇതിന് ആഹാരമായി കൊടുക്കുന്നത്. കോഴിയെ നിവേദ്യമായി കൊടുക്കുന്നത് എനിക്ക് അറിയില്ല. അവിടെ എത്തുന്നവരും വെജിറ്റേറിയനാണ് കൊടുക്കുന്നത്. ബബിയയ്ക്ക് സ്മാരകം നിര്‍മിക്കാന്‍ സഹായിക്കണമെന്ന് എന്നോട് പലരും ആവശ്യപ്പെട്ടു. ഗൗരവമായി ആലോചിക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ബബിയയുടെ രൂപം ലോഹത്തില്‍ നിര്‍മിച്ച് ബബിയയെ സ്മരിക്കാന്‍ അവസരമൊരുക്കണമെന്നാണ് പലരും ആവശ്യപ്പെട്ടത്. അവിടെ എത്തിയ സ്ത്രീകളില്‍ പലരും കരയുന്നതും ഞാന്‍ കണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന് വ്യക്തമാക്കി.
Discussion about this post