തിരുവനന്തപുരം: എസ് ഹരീഷിന്റെ മീശ നോവലിന് വയലാര്‍ അവാര്‍ഡ് നല്‍കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല.
വയലാര്‍ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അപമാനിച്ചത് ഹിന്ദുക്കളെയല്ല, മറിച്ച് വയലാറിനെത്തന്നെയാണെന്ന് ശശികല പറഞ്ഞു. മലയാളത്തിലെ എഴുത്തുകാരെ ഒന്നടങ്കമാണ് അപമാനിച്ചിട്ടുള്ളത്. ഒരു മൂന്നാം കിട അശ്ലീല നോവലിനെ അവാര്‍ഡിന് തിരഞ്ഞെടുത്തതിലൂടെ മലയാളത്തിലെ മറ്റെഴുത്തുകാരെല്ലാം അതിലും മോശക്കാരാണെന്ന ധ്വനിയാണ് സൃഷ്ടിക്കുന്നതെന്നും ശശികല പറഞ്ഞു.
ഗുരുവായൂരമ്പല നടയില്‍ പോകാനും ഗോപുര വാതില്‍ തുറന്ന് ഗോപകുമാരനെ കാണാനും മോഹിപ്പിച്ച വയലാറിന്റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്റെ സ്വീകരണ മുറിയില്‍ കൊണ്ട് വയ്ക്കുന്നത് പാല്‍പ്പായസം സെപ്റ്റിക്ക് ടാങ്കില്‍ വിളമ്പുന്നതിന് തുല്യമാണ്.
സ്ത്രീകളുടെ മഹത്വം പറഞ്ഞ് പണ്ട് ചാക്കില്‍ കേറി പ്രതിഷേധിച്ച സാറാ ജോസഫില്‍ നിന്ന് സ്ത്രീകളെ അപമാനിച്ച ഒരു കൃതിക്ക് ബഹുമതി എന്നത് വിരോധാഭാസമാണ്. ഹിന്ദു വിരുദ്ധതയ്ക്ക് സമ്മാനം കൊടുക്കണമെങ്കില്‍ ആകാം, പക്ഷേ അത് വയലാറിന്റെ പേരില്‍ ആകരുതായിരുന്നു. ഈ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.
അതേസമയം, വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ചെയര്മാന് പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷികമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് സമ്മാനിക്കും.
വിവാദങ്ങള്‍ മറികടക്കുന്ന അസാമാന്യ രചനാരീതിയാണ് നോവലിന്റേതെന്ന് ജുറി അംഗം സാറാ ജോസഫ് പ്രതികരിച്ചു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന നോവല്‍ മൂന്നാം ലക്കത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളും വിവിധ സംഘടനകളുടെ എതിര്‍പ്പും മൂലം പിന്‍വലിക്കേണ്ടി വന്നിരുന്നു.
പിന്നീടാണ് ഡിസി ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. നേരത്തെ കേരള സാഹിത്യ അക്കാഡമി പുരസ്കാരവും ജെസിബി സാഹിത്യ പുരസ്കാരവും ‘മീശ’യ്ക്ക് ലഭിച്ചിരുന്നു.
Discussion about this post