ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തമിഴ്നാട് നിയമമന്ത്രി സിവി ഷണ്മുഖം. ആശുപത്രിയില്‍ ശരിയായ പരിചരണം ലഭിച്ചിരുന്നെങ്കില്‍ ജയലളിത ഇന്നും ജീവിച്ചിരിക്കുമായിരുന്നു എന്നും മന്ത്രി പറഞ്ഞു.
ജയലളിതയെ ആന്‍ജിയോഗ്രാമിന് വിധേയമാക്കാനുള്ള തീരുമാനം ആരാണ് എതിര്‍ത്തത്? എവിടെയോ കള്ളക്കളി നടന്നിട്ടുണ്ട്. അതില്‍ കേസെടുക്കണം. വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടു. മരണവുമായി ബന്ധപ്പെട്ട ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കേസ് വേണം. അവരുമായി ബന്ധപ്പെട്ടവരെ കുറിച്ച് അന്വേഷണം വേണമെന്നും ഷണ്മുഖം ആവശ്യപ്പെട്ടു.
നേരത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ നിയോഗിച്ചിരുന്ന അന്വേഷണ കമ്മീഷന്, ജയലളിതയ്ക്ക് നല്കിയ ചികിത്സയില്‍ പിഴവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന അപ്പോളോ ആശുപത്രിയുമായി ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന് ഗൂഢാലോചന നടത്തിയിരുന്നുവെന്നായിരുന്നു കമ്മീഷന് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.
സംഭവം വിവാദമായ സാഹചര്യത്തിലാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി തമിഴ്നാട് നിയമമന്ത്രി സിവി ഷണ്മുഖവും രംഗത്ത് എത്തിയിരിക്കുന്നത്. 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരണമടഞ്ഞത്.
Discussion about this post