അന്തരിച്ച വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ച് മകൾ അഞ്ജു രാമചന്ദ്രൻ. സംസ്കാരത്തിന് ശേഷമുള്ള അനുസ്മരണ ചടങ്ങിലാണ് മഞ്ജു തന്റെ ഓർമകളും പരിഭവങ്ങളും പങ്കുവെച്ചത്. ഇനി എത്ര ജന്മമുണ്ടെങ്കിലും ഇതേ അച്ഛന്റെ മകളായി തന്നെ ജനിക്കണമെന്ന് മഞ്ജു പറഞ്ഞു.
അച്ഛന് സ്നേഹത്തിന്റെ ഭാഷ മാത്രമേ വശമുണ്ടായിരുന്നുള്ളൂ. എനിക്ക് അച്ഛനോട് ഒരു ചെറിയ പരിഭവമുണ്ട്, അദ്ദേഹം മറ്റുള്ള അച്ഛൻമാർ ഓമനിക്കുന്നതുപോലെ എന്നെ ഓമനിച്ചിട്ടില്ല. എന്തുകൊണ്ട്, എന്ന് എനിക്കറിയില്ല, അതിനുള്ള ഉത്തരവും നൽകിയിട്ടില്ലെന്ന് മഞ്ജു പറയുന്നു.
മഞ്ജുവിന്റെ വാക്കുകൾ;
സോഷ്യൽ മീഡിയയിൽ മുഴുവൻ അച്ഛനെക്കുറിച്ചുള്ള കുറിപ്പുകളാണ്. അദ്ദേഹം ഒരു സാധാരണ വ്യക്തിയായിരുന്നില്ല. എല്ലാവരുടെയും ഹൃദയത്തിൽ അച്ഛന് ഒരിടം കൊടുത്തു. അച്ഛനെ നേരിൽ കാണാത്ത ആളുകൾ പോലും അദ്ദേഹത്തെ സ്നേഹിക്കുന്നു. അച്ഛനുമായി എനിക്കുണ്ടായ ബന്ധം ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ചേർന്നതായിരുന്നു.
കൊച്ചു കുട്ടികളെപ്പോലെ വഴക്കടിക്കും. കുറച്ച് കഴിഞ്ഞാൽ ഫോണിൽ വിളിക്കും. അച്ഛന് സ്നേഹത്തിന്റെ ഭാഷ മാത്രമേ വശമുണ്ടായിരുന്നുള്ളൂ. എനിക്ക് അച്ഛനോട് ഒരു ചെറിയ പരിഭവമുണ്ട്, അദ്ദേഹം മറ്റുള്ള അച്ഛൻമാർ ഓമനിക്കുന്നതുപോലെ എന്നെ ഓമനിച്ചിട്ടില്ല. എന്തുകൊണ്ട്, എന്ന് എനിക്കറിയില്ല, അതിനുള്ള ഉത്തരവും നൽകിയിട്ടില്ല.
ജുവല്ലറിയിൽ ഞാൻ ജോലിക്കു കയറിയപ്പോൾ അച്ഛൻ മറ്റുള്ള ജോലിക്കാരോട് എങ്ങിനെ പെരുമാറുന്നു അത് പോലെ തന്നെയാണ് എന്നോടും പെരുമാറിയിരുന്നത്. യാതൊരു പരിഗണനയും തന്നിരുന്നില്ല. അദ്ദേഹത്തിന്റെ ഓഫീസിന്റെ ഒരു മൂലയിലാണ് എന്നെ ഇരുത്തിയിരുന്നത്. ഈ പാഠങ്ങളെല്ലാം ജീവിതത്തിൽ എന്തു പ്രതിസന്ധി വന്നാലും തരണം ചെയ്യാൻ എന്നെ പ്രാപ്തയാക്കി.
വിവാഹം കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞത് നിന്റെ ജീവിതത്തിൽ ഞാൻ ഇടപെടാൻ വരില്ലെന്നാണ്. ഞാൻ ഗർഭിണിയായിരുന്ന സമയത്ത് എനിക്ക് ഛർദ്ദിയാണെന്നും വയ്യെന്നും പറഞ്ഞ് അച്ഛനെയും അമ്മയെയും വിളിച്ചു. ഗർഭകാലം ഇങ്ങനെയാണെന്നും ഇതെല്ലാം അനുഭവിക്കേണ്ടി വരുമെന്നും അച്ഛൻ പറഞ്ഞു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം എന്നെ ദുബായിൽ നിന്ന് എന്നെ കാണാൻ തിരുവനന്തപുരത്തേക്ക് വന്നു.
അച്ഛൻ പെട്ടി തുറന്നപ്പോൾ അതിൽ എനിക്ക് വളരെ ഇഷ്ടമുള്ള അമ്മയുണ്ടാക്കുന്ന മാങ്ങ കൂട്ടാനും തക്കാളി കറിയും ഉണ്ടായിരുന്നു. ആ ദിവസമാണ് അച്ഛൻ എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസ്സിലായത്. ഇനി എത്ര ജന്മമുണ്ടെങ്കിലും എനിക്ക് അച്ഛന്റെ മകളായി ജനിക്കണം. ഒരാളെയും അച്ഛൻ കുറ്റം പറയുന്നതു കണ്ടിട്ടില്ല, എല്ലായ്പ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും.
Discussion about this post