തൃശ്ശൂർ: കേരളത്തെ നടുക്കിയ ദുരഭിമാന കൊലക്കേസായ കെവിൻ വധക്കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസിലെ പത്താം പ്രതായായിരുന്ന ടിറ്റു ജറോമാണ് (25) ബ്ലേഡുകൊണ്ട് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 11-നാണ് സംഭവം. ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് തുന്നലിട്ടു.
അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. കേസിൽ പത്താം പ്രതിയായ പത്തനാപുരം സ്വദേശിയായ ടിറ്റുവിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. എന്നാൽ ഈ ജയിലിൽ ടിറ്റു മദ്യപിച്ചതിനാൽ വിയ്യൂരിലെ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയിരുന്നു.
എന്നാൽ, ഇവിടെ നിന്നും ടിറ്റുവിനെ മാറ്റിയിരുന്നു. അതിസുരക്ഷാ ജയിലിലേയ്ക്കാണ് മാറ്റിയത്. അച്ചടക്ക ലംഘനത്തെ തുടർന്നാണ് അതിസുരക്ഷാ ജയിലിലേയ്ക്കും ടിറ്റുവിനെ മാറ്റിയത്. ഇതിനിടെ, ടിറ്റു ജെറോമിന് പരോൾ ലഭിച്ചിരുന്നു. പുറത്തിറങ്ങി തിരിച്ചു കയറിയതിന്റെ അടുത്ത ദിവസമാണ് കൈത്തണ്ട ബ്ലേഡ് ഉപയോഗിച്ച് ടിറ്റു മുറിച്ചത്.
ജയിൽ സ്റ്റോറിൽനിന്ന് ഷേവിങ്ങിനായി വാങ്ങിയ ഡിസ്പോസിബിൾ ഷേവിങ് സെറ്റിലെ ബ്ലേഡ് പൊട്ടിച്ചെടുത്താണ് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല കൂടിയായിരുന്നു കെവിന്റേത്. കേസിൽ പിടിയിലായ 14 പ്രതികളിൽ പത്തുപേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
Discussion about this post