വടക്കഞ്ചേരി: ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ വ്യാജപേരില്‍ ചികിത്സ തേടിയെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ്. ബസ് ഓടിച്ചിരുന്ന ജോമോന് ആണ് അപകടത്തിനു പിന്നാലെ മുങ്ങിയത്. പരിക്കേറ്റ് ഇയാള്‍ ജോജോ എന്ന വ്യാജ പേരില്‍ വടക്കഞ്ചേരി നായനാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി കണ്ടെത്തി.
ബസ് അപകടത്തില്‍ പരുക്കേറ്റു എന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. പ്രാഥമിക ചികിത്സ തേടിയ ശേഷം ഡ്രൈവര്‍ സ്ഥലം വിടുകയായിരുന്നു. 2.50ഓടെ എത്തിയ ഇയാള്‍ നാലരയോടെ മടങ്ങിയതായാണ് വിവരം. ബസ് ഉടമകള്‍ തന്നെയാണ് ഇയാളെ കൂട്ടിക്കൊണ്ടുപോയതെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, പോലീസ് ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഇയാള്‍ ആശുപത്രിയിലെത്തുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ഡ്രൈവര്‍ സ്കൂളിലേക്ക് എത്തിയപ്പോള്‍ തന്നെ ക്ഷീണിതനായിരുന്നു എന്ന് അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥിയുടെ രക്ഷിതാവ് പ്രതികരിച്ചു. ബസ് വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞാണ് എത്തിയതെന്നും ഡ്രൈവര്‍ വിയര്‍ത്ത് കുളിച്ച് ക്ഷീണിതനായിരുന്നെന്നുമാണ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.
‘ശ്രദ്ധിച്ച് ഓടിക്കണമെന്ന് പറഞ്ഞപ്പോള്‍, നല്ല എക്സ്പീരിയന്‍സുണ്ട്, നന്നായി ഓടിച്ചോളാം എന്നാണ് അയാള്‍ പറഞ്ഞത്. കാസറ്റ് ഇടാന്‍ കുട്ടികള്‍ ചെന്നപ്പോഴും നല്ല സ്പീഡായിരുന്നെന്നാണ് അറിഞ്ഞത്. കുട്ടികളും പറഞ്ഞിരുന്നു, ചേട്ടാ നല്ല സ്പീഡാണ്. പതുക്കെ പോയാല്‍ മതിയെന്ന്’.- രക്ഷിതാവ് പറഞ്ഞു.
കെഎസ്ആര്‍ടിസി ബസിലേയും ടൂറിസ്റ്റ് ബസിലേയും യാത്രക്കാരടക്കം 50-ല്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്.
അപകടത്തില്‍ മരിച്ച ഒന്‍പത് പേരെയും തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര് വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര് കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.
Discussion about this post