പത്തനംതിട്ട : പത്തുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 41 കാരന് 142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട പോക്സോ കോടതി. ഇരയുടെ ബന്ധുവായ തിരുവല്ല കവിയൂർ ഇഞ്ചത്തടി പുലിയാലയിൽ ബാബു എന്ന് വിളിക്കുന്ന ആനന്ദൻ പി ആറിനാണ് അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1(പ്രിൻസിപ്പൽ പോക്സോ കോടതി ) ജഡ്ജ് ജയകുമാർ ജോൺ റെക്കോർഡ് ശിക്ഷ വിധിച്ചത്.
ജില്ലയിൽ പോക്സോ കേസിൽ ഇതുവരെയുള്ള ഏറ്റവും കൂടിയ കാലയളവിലേക്കുള്ള ശിക്ഷയാണ് പ്രതിക്ക് വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 3 വർഷം കൂടി തടവനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. ശിക്ഷ ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതി. തിരുവല്ല പോലീസ് കഴിഞ്ഞവർഷം മാർച്ച് 20 നാണ് കേസ് രജിസ്റ്റർ ചെയ്തത്.
തിരുവല്ല പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ഹരിലാൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതും, കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. കുട്ടിക്കും മാതാപിതാകൾക്കുമൊപ്പം താമസിച്ചു വരികയായിരുന്നു ഇയാൾ.
2019 ഏപ്രിൽ 20 നുശേഷമുള്ള ഒരു ദിവസവും, 2021 മാർച്ച് 18 രാത്രി 8 മണിവരെയുള്ള കാലയളവിൽ പലതവണയുമാണ് കുട്ടിയെ അതിക്രമത്തിന് ഇരയാക്കിയത്. 12 വയസ്സിൽ താഴെയുള്ള കുട്ടിയോട് രക്തബന്ധുവായ പ്രതി കാട്ടിയ കുറ്റകൃത്യം അതീവ ഗൗരവതരമെന്ന് പറഞ്ഞാണ് ശിക്ഷ വിധിച്ചത്.
Discussion about this post