റായ്പുർ: കറുത്ത നിറത്തിന്റെ പേരിൽ തുടർച്ചയായി പരിഹസിച്ച ഭർത്താവിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി രണ്ടാം ഭാര്യ. 40 വയസുകാരനായ ആനന്ദ് സ്വൻവാനിയാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലെ അംലേശ്വർ ഗ്രാമത്തിലാണ് 30കാരിയായ സംഗീത സ്വൻവാനി തന്റെ ഭർത്താവിനെ ദാരുണമായി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്.
ആനന്ദിന്റെ ജനനേന്ദ്രിയം സംഗീത മുറിച്ചെടുത്തതായും പോലീസ് പറയുന്നു. സംഭവത്തിൽ ഭാര്യ സംഗീതയെ തിങ്കളാഴ്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കറുത്ത നിറത്തിന്റെ പേരിൽ സംഗീതയെ തുടർച്ചയായി കളിയാക്കുമായിരുന്ന ആനന്ദ് അവരെ വിരൂപയെന്നും വിളിച്ചതായി പറയുന്നു. നിറത്തിന്റെ പേരിലുള്ള ഈ പരിഹാസത്തെ തുടർന്ന് ദമ്പതിമാർ പലപ്പോഴും വഴക്കിട്ടിരുന്നു.
ഞായറാഴ്ച രാത്രിയും സമാന രീതിയിൽ ദമ്പതികൾ തർക്കത്തിലേർപ്പെടുകയും പ്രകോപിതയായ സംഗീത വീട്ടിൽ സൂക്ഷിച്ചിരുന്ന മഴു കൊണ്ട് ഭർത്താവിനെ ആക്രമിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ആനന്ദ് സംഭവസ്ഥലത്ത് വെച്ച് തന്നെയാണ് മരണപ്പെട്ടത്. അടുത്ത ദിവസം രാവിലെ ആരോ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തി.
എന്നാൽ സംഗീതയുടെ ശ്രമം പോലീസിന്റെ ചോദ്യം ചെയ്യലിൽ പാഴായി. താനാണ് കൊലപ്പെടുത്തിയതെന്ന് സംഗീത പോലീസിനോട് കുറ്റസമ്മതം നടത്തി. നിറത്തിന്റെ പേരിലുള്ള കളിയാക്കലുകൾ താങ്ങാൻ കഴിയാതെ ചെയ്തതെന്നാണ് സംഗീത പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്. സംഗീത നടത്തിയ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
Discussion about this post