കറുകച്ചാൽ: ജീവിതം കഷ്ടപ്പാടുകൾ മാത്രം സമ്മാനിച്ച് കടന്നുപോകുമ്പോഴും ഗീതമ്മ മനസ്സിൽ സൂക്ഷിച്ചത് രണ്ടുവയസ്സുള്ളപ്പോൾ നഷ്ടമായ മകനെ ഒരുനോക്ക് കാണണം എന്നായിരുന്നു. 26 വർഷത്തെ ആ കാത്തിരിപ്പിന് ഒടുവിൽ ഞായറാഴ്ച പ്രാർത്ഥന ഫലം കണ്ടു. ഗീതമ്മയുടെ പ്രാർഥനപോലെ, അവരെത്തേടി ഗുജറാത്തിൽനിന്നും മകനെത്തി. കറുകച്ചാലിലെ ഓട്ടോഡ്രൈവറായ കറ്റുവെട്ടി ചെറുപുതുപ്പള്ളിയിൽ ഗീതമ്മയുടെ മകൻ ഗോവിന്ദ് (28) ആണ് ഗുജറാത്തിൽ നിന്നും അമ്മയെ തേടി എത്തിയത്.
മകൻ തന്നെ കാണാനെത്തിയ വിവരം വാർഡംഗം ശ്രീജാ മനു വിളിച്ചറിയിച്ചപ്പോൾ ഗീതമ്മ ആദ്യം വിശ്വസിചില്ല. 26 വർഷത്തെ കാത്തിരിപ്പ് അവസാനിച്ച്, മകനെ നേരിട്ടുകണ്ടപ്പോൾ അവർ ചേർത്തുനിർത്തി. പിന്നെ കെട്ടിപ്പിടിച്ചപ്പോൾ ഇരുവരുടെയും കണ്ണുകൾ സന്തോഷംകൊണ്ട് ഈറനണിഞ്ഞു. അമ്മയെ കണ്ട ഓർമപോലും ഗോവിന്ദിനില്ലായിരുന്നു.
മുപ്പതുവർഷം മുമ്പ് ഗീതമ്മ ഗുജറാത്തിലെ ചെമ്മീൻ കമ്പനിയിൽ ജോലിയ്ക്ക് പോയിരുന്നു. അവിടെവെച്ച് ഇതേ കമ്പനിയിലെ ജോലിക്കാരനായ രമേഷിനെ പരിചയപ്പെട്ടു. 1993-ൽ കറുകച്ചാൽ രജിസ്റ്റർ ഓഫീസിൽവെച്ച് ഇവർ വിവാഹിതരായി. പിന്നീട് ഇവർ വീണ്ടും ഗുജറാത്തിൽ പോയി.
അവിടെവെച്ചാണ് ഗോവിന്ദ് ജനിച്ചത്. ഗീതമ്മ വീണ്ടും ഗർഭിണിയായി. തുടർന്ന് കറുകച്ചാലിലെ വീട്ടിലെത്തി. ഇതിനിടെ ആരോടും പറയാതെ രമേശ് ഇവിടെ കഴിയവേ, ഒരുദിവസം ഗോവിന്ദിനെയുംകൊണ്ട് രമേഷ് ഒന്നുംപറയാതെ നാടുവിട്ടു. തുടർന്ന് ഗീതമ്മ പലവട്ടം രമേഷിന്റെ മേൽവിലാസത്തിൽ കത്തുകളെഴുതി. അഞ്ചുമാസം കഴിഞ്ഞപ്പോഴാണ് രമേഷ് മറുപടി എഴുതിയത്. പിന്നീട് അന്വേഷിച്ചപ്പോഴേയ്ക്കും രമേഷ് അവിടെനിന്നും പോയിരുന്നു.
വൈകാതെ ഗീതമ്മയ്ക്ക് പെൺകുട്ടി പിറന്നു. ഒറ്റയ്ക്കായ അവർ മകളെ കൂലിപ്പണി ചെയ്ത് വളർത്തി. ഇടയ്ക്ക് ഗൾഫിൽ ജോലിയ്ക്കുപോയി. ഇപ്പോൾ ഓട്ടോറിക്ഷ ഓടിക്കുകയാണ്. മകൾ ഗോപികയെ ഡിഗ്രിവരെ പഠിപ്പിച്ചു. രണ്ടുവർഷം മുൻപ് വിവാഹവും നടത്തി.
രമേഷ് ഈ കാലത്ത് വിവാഹം കഴിച്ചു. നാല് മക്കൾ ജനിച്ചു, ഗോവിന്ദ് രമേശിൻ്റെ സഹോദരിയോട് ഒപ്പമാണ് ജീവിച്ചത്. പ്ലസ് ടൂ വരെ പഠിച്ചു. വിവിധ സ്ഥലങ്ങളിൽ ജോലി നോക്കി.
ഇതിനിടയിലും അമ്മയെ തേടിക്കൊണ്ടിരുന്നു. ഒടുവിൽ രമേശിൻ്റെ ഒരു കത്ത് ആണ് തുംബായത്. അങ്ങനെയാണ് രാവിലെ കോട്ടയത്തെത്തിയത്. ഗോവിന്ദിന് സ്ഥലം കണ്ടുപിടിക്കാനായില്ല. ഹിന്ദി അറിയാവുന്ന ചിലർ വിവരം കറുകച്ചാൽ പോലീസിൽ അറിയിച്ചു. പോലീസ് അറിയിച്ചതനുസരിച്ച്, ഗീതമ്മ മകനെ കാണാൻ സ്റ്റേഷനിലെത്തുകയായിരുന്നു. പിന്നീട് ഇവർ വീട്ടിലേയ്ക്കുപോയി. ഇനി അമ്മയോടൊപ്പം കഴിയണമെന്നാണ് ഗോവിന്ദിന്റെ ആഗ്രഹം.
Discussion about this post