തൊടുപുഴ: എൻഎസ്എസ് ക്യാമ്പിനിടെ വിദ്യാർത്ഥിനികൾ വസ്ത്രംമാറുന്നത് ഒളിഞ്ഞുനോക്കിയ അധ്യാപകനെതിരെ കേസ്. പത്തനംതിട്ട സ്വദേശിയായ അധ്യാപകൻ ഹരി ആർ വിശ്വനാഥിനെതിരേയാണ് പോലീസ് കേസെടുത്തത്. വിദ്യാർഥിനികൾ വസ്ത്രം മാറുന്നയിടത്തേക്ക് ഒളിഞ്ഞുനോക്കുകയും മുറി തുറന്ന് അകത്ത് കയറി ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് അധ്യാപകനെതിരെയുള്ള പരാതി.
പരാതി ലഭിച്ച് കേസെടുത്തതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. എട്ട് വിദ്യാർഥിനികൾക്ക് ഇത്തരത്തിൽ ലൈംഗിക അധിക്ഷേപം നേരിടേണ്ടി വന്നുവെന്നാണ് ഉയർന്നിരിക്കുന്ന പരാതി. പോലീസ് വിദ്യാർത്ഥിനികളുടെ മൊഴിയെടുത്തു. കൂട്ടത്തിലൊരു പെൺകുട്ടി രേഖാമൂലം പരാതി നൽകുകയും ചെയ്തു.
സമാനമായി ഇതിന് മുമ്പും ഈ അധ്യാപകൻ വിദ്യാർഥിനികോളോട് ലൈംഗിക ചുവയോടെ സംസാരിച്ചിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻപ് പരാതി ഉയർന്നപ്പോൾ ഒതുക്കി തീർക്കുകയായിരുന്നു. സമാനമായ തരത്തിൽ ഇപ്പോൾ പരാതി ഉയർന്നപ്പോഴും പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post