പറവൂർ : ആറാം ക്ലാസുകാരിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസിൽ രണ്ടാനമ്മ റിമാൻഡിൽ.പറവൂർ ചിറ്റാറ്റുകര പഞ്ചായത്തിലെ ആശവർക്കറായ രമ്യയാണ് പോലീസിന്റെ പിടിയിലായത്. താൻ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ച് പെൺകുട്ടി ക്ലാസ് ടീച്ചറോടും തുടർന്ന് പ്രിൻസിപ്പലിനോടും വെളിപ്പെടുത്തിയപ്പോഴാണ് കൊടുംക്രൂരത പുറത്ത് വന്നത്.
തുടർന്ന്, കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, ചൈൽഡ് വെൽവെഫയർ കമ്മിറ്റിയെ വിവരമറിയിച്ചു. സിഡബ്ല്യുസി നൽകിയ റിപ്പോർട്ട് വന്നതിനു പിന്നാലെ പറവൂർ പൊലീസ് കേസെടുത്തു. പെൺകുട്ടി പറഞ്ഞ കാര്യങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കാനായി പൊലീസ് സിഡബ്ല്യുസിയോട് കുട്ടിക്ക് കൗൺസലിംഗ് നൽകണമെന്നാവശ്യപ്പെട്ടു.
കൗൺസലിംഗിലും കുട്ടി തന്റെ മൊഴികൾ ആവർത്തിച്ചു. കൗൺസിലർ റിപ്പോർട്ട് കണക്കിലെടുത്താണ് രണ്ടാനമ്മയെ അറസ്റ്റ് ചെയ്തതെന്ന് പറവൂർ എസ്ഐ പറഞ്ഞു. രണ്ടാനമ്മ ഇരുമ്പുവടി കൊണ്ട് അടിക്കുകയും ശരീരത്തിൽ പൊള്ളിക്കുകയും ചെയ്തതായി ആരോപണം ഉണ്ട്. മർദ്ദനവിവരം പുറത്തുപറയാതിരിക്കാൻ മുറിയിൽ പൂട്ടിയിട്ട് മലം തീറ്റിച്ചതായും ചുമയുടെ മരുന്നെന്നു പറഞ്ഞ് മൂത്രം കുടിപ്പിച്ചതായും പെൺകുട്ടി പറഞ്ഞു.
വെള്ളിയാഴ്ച പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അമ്മയുടെ ബന്ധുക്കളുടെ സംരക്ഷണയിലാണ് കുട്ടിയിപ്പോൾ. അച്ഛൻ ബിനു പെയിന്റിംഗ് തൊഴിലാളിയാണ്.ഇയാൾ പല ദിവസവും മദ്യപിച്ചാണ് വീട്ടിൽ വരുന്നത്. കുട്ടിക്ക് അച്ഛനെയും പേടിയായിരുന്നുവെന്നാണ് വിവരം. ബിനു രമ്യയുമായി അടുത്തപ്പോഴാണ് ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതെന്നാണ് വ്യക്തമായത്.
മക്കളെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പൊന്നുപോലെ നോക്കിക്കോള്ളാമെന്ന് പറഞ്ഞ് അമ്മയുടെ കൂടെ വിട്ടില്ലെന്നാണ് അയൽവാസികളും വെളിപ്പെടുത്തി. കുട്ടിയെ വിട്ടുകിട്ടാൻ അമ്മ കോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post