തൃശ്ശൂര്‍: സ്ത്രീ പ്രവേശനത്തിനെതിരെ ശബരിമലയില്‍ ഭക്തരുടെ പേരില്‍ കലാപം അഴിച്ചുവിട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് അഡ്വ. സുഭാഷ് ചന്ദ്രന്റെ പരാതി. സന്നിധാനത്തെ അക്രമസംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെയും പ്രതീഷ് വിശ്വനാഥ്, രാഹുല്‍ ഈശ്വര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് എതിരെ കേസ് എടുക്കണമെന്നും അഭിഭാഷകന്റെ പരാതിയില്‍ പറയുന്നു.
അഡ്വ.സുഭാഷ് ചന്ദ്രനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ 2018 ഒക്ടോബര്‍ 17 ന് പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലിലും പമ്പയിലും ശബരിമല പരിസരങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന അക്രമ സമരം പ്രഥമദൃഷ്ട്ര്യാ സുപ്രീം കോടതി അലക്ഷ്യമാണെന്നും പരാതിയില്‍ പറയുന്നു.
സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമുള്ള സമര ആഹ്വാനങ്ങളാണ് വന്‍ അക്രമങ്ങള്‍ക്കും കലാപത്തിനും വഴിവെച്ചതെന്നും പരാതിയില്‍ പറയുന്നു.
ഇത്തരത്തില്‍ പമ്പയിലും നിലയ്ക്കലിലും ശബരിമലയുടെ പരിസര പ്രദേശങ്ങളിലുമുണ്ടായ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയോ ചെയ്ത ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള, ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍, ഹിന്ദു സേനാ നേതാവ് പ്രതീഷ് വിശ്വനാഥ്, രാഹുല്‍ ഈശ്വര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 500 ലധികം വരുന്ന അക്രമികള്‍ക്കെതിരേയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153A, 295A 298,425 ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരവും മറ്റ് ഉചിത വകുപ്പുകള്‍ പ്രകാരവും സുപ്രീം കോടതി നിര്‍ദ്ദേശാനുസരണം കേസെടുക്കണമെന്നും സുഭാഷിന്റെ പരാതിയില്‍ പറയുന്നു.
അഭിഭാഷകന്റെ പരാതിയുടെ പൂര്‍ണ്ണരൂപം:
From,
അഡ്വ.സുഭാഷ് ചന്ദ്രൻ
To,
സ്റ്റേറ്റ് പോലീസ് ചീഫ്
പോലീസ് ഹെഡ്ക്വാർട്ടേഴ്സ്
തിരുവനന്തപുരം.
വിഷയം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമങ്ങളിലെ കുറ്റക്കാർക്കെതിരായ നടപടി സംബന്ധിച്ച്.
സർ,
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ 2018 ഒക്ടോബർ 17 ന് പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലിലും പമ്പയിലും ശബരിമല പരിസരങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമ സമരം പ്രഥമദൃഷ്ട്ര്യാ സുപ്രീം കോടതി അലക്ഷ്യമാണ്.
പ്രസ്തുത ആൾക്കൂട്ട അക്രമങ്ങളിൽ സ്ത്രീകളുൾപ്പടെ പത്തോളം മാധ്യമ പ്രവർത്തകർക്കും, പതിനഞ്ചിലധികം പോലീസ് ഉദ്യോഗസ്ഥർക്കും അഞ്ചോളം വരുന്ന അയ്യപ്പഭക്തർക്കും പരിക്കേറ്റിട്ടുണ്ട്.
സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമുള്ള സമര ആഹ്വാനങ്ങളാണ് വൻ അക്രമങ്ങൾക്കും കലാപത്തിനും വഴിവെച്ചത്.
ആൾക്കൂട്ട അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന നേതാക്കൾക്കും സംഘടനകൾക്കും ഒറ്റയ്ക്കും കൂട്ടായും ഉത്തരവാദിത്വമുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും 2009ലെയും ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിലെയും വിധികളിലൂടെ സുപ്രീം കോടതി സംസ്ഥാന സർക്കാറുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി & Anr Vs യൂണിയൻ ഓഫ് ഇന്ത്യ & Orട എന്ന കേസിലാണ് അടുത്തിടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് മാർഗ രേഖ വിപുലീകരിച്ച് താഴെ പറയുന്ന നിർദ്ദേശങ്ങൾ കൂട്ടിച്ചേർത്തത്:
■ ഏതെങ്കിലും ഒരു സംഘടനയുടെ വക്താവോ സംഘടനയോ സമൂഹ മാധ്യങ്ങളിലൂടെ ആഹ്വാനം ചെയ്യുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായാൽ ഐപിസി 153എ, 295 എ, 298, 425 പ്രകാരം നടപടി എടുക്കണം.
■ പ്രതിഷേധങ്ങൾ അക്രമാസക്തമായി പൊതു മുതൽ നശിപ്പിക്കപ്പെട്ടാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ആഹ്വാനം നൽകിയ സംഘടനയുടെ നേതാക്കൾക്കുണ്ട്.
■ ആഹ്വാനം നൽകിയ സംഘടനയുടെ നേതാക്കളും ഭാരവാഹികളും ചോദ്യം ചെയ്യലിനായി 24 മണിക്കൂറിനകം പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണം.
■ ഹാജരാകാത്തവർ കുറ്റക്കാർ എന്നു സംശയിച്ചു നിയമ നടപടി സ്വീകരിക്കാം; ഇവരെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കാം.
■ പൊതു / സ്വകാര്യ മുതൽ നശിപ്പിക്കുന്ന പ്രതിഷേധങ്ങൾക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല നടപടിയെടുക്കണം.
■ആക്രമണം നടത്തുന്നവർ ഇരയായവർക്കു നഷ്ടപരിഹാരം നൽകണം. എല്ലാത്തരത്തിലുമുള്ള സ്വത്തുക്കൾക്ക് ഉണ്ടാകുന്ന നഷ്ടത്തിനും ജീവഹാനിക്കും നഷ്ടപരിഹാരം നൽകാൻ ഇവർക്ക് ബാധ്യത.
■ ആക്രമണം ഉണ്ടായാൽ നോഡൽ ഓഫീസർമാർ പോലീസ് അടക്കമുള്ള ഏജൻസികളെ ഏകോപിപിച്ചു പ്രവർത്തിക്കണം
■ ആക്രമണം നടന്നിട്ടും എഫ്.ഐ.ആർരജിസ്റ്റർ ചെയ്യുന്നില്ലെങ്കിലോ കാലതാമസം ഉണ്ടായാലോ നോഡൽ ഓഫീസറുടെ വീഴ്ചയായി കണക്കാക്കും.
■ സമാധാനപരമായ പ്രതിഷേധങ്ങൾ അക്രമാസക്തം ആകുന്ന സാഹചര്യത്തിലും ജീവ നഷ്ടം, പൊതു സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കൽ എന്നിവയുണ്ടാകുമ്പോഴുമെല്ലാം മാർഗനിർദ്ദേശങ്ങൾ ബാധകം.
■ സംഭവ സ്ഥലത്തുള്ള കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം. ആവശ്യമെങ്കിൽ പ്രദേശത്തെ ഇന്റർനെറ്റ് ഉപയോഗത്തിന് നോഡൽ ഓഫീസർക്ക് നിയന്ത്രണം ഏർപ്പെടുത്താം.
■ ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും അടക്കമുള്ളവ ഉപയോഗിക്കണം
■ അക്രമം വീഡിയോയിൽ റെക്കോർഡ് ചെയ്യാൻ പാനലിൽ ഉള്ള വീഡിയോഗ്രാഫർ മാർക്ക് പുറമെ സ്വകാര്യ വീഡിയോ ഗ്രാഫർമാരുടെയും മാധ്യമങ്ങളുടെയും സഹായം തേടാം (2009ലെ നിർദ്ദേശങ്ങളുടെ തുടർചയാണിത്)
■ പ്രതിഷേധങ്ങൾക്ക് ഇടെ ലൈസൻസ് ഉള്ളതോ ഇല്ലാത്തത്തോ ആയ ആയുധങ്ങൾ കൈവശം വയ്ക്കുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണം
■ ജില്ലാ തലങ്ങളിൽ ധ്രുതകർമ്മ സേനകളെ നിയോഗിക്കണം. ഇവരെ പ്രശ്ന സാധ്യതാ മേഖലകളിൽ വിന്യാസിക്കണം.
■ അക്രമങ്ങളെപറ്റി വിവരം നൽകാൻ ഹെൽപ് ലൈൻ സ്ഥാപിക്കണം. ഒപ്പം വിവരം അറിയിക്കാൻ വെബ് പോർട്ടലും.
Discussion about this post