തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി ചെന്നൈയില്‍ പിടിയില്‍. ആദം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടാണ് ഇയാള്‍ തമ്പാനൂരില്‍ നിന്നും ട്രെയിനില്‍ ചെന്നൈയിലേക്ക് രക്ഷപ്പെട്ടത്.
വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മനോരമ (68)യെ അടുത്ത വീട്ടിലെ കിണറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മനോരമയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയത്. മനോരമയുടെ ഭര്‍ത്താവ് ദിനരാജ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
ഭര്‍ത്താവ് മകളെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി അയല്‍വാസികള്‍ ദിനരാജിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പോലീസ് നായ മണം പിടിച്ച് അയല്പക്കത്തെ വീട്ടിലെ കിണറിന് സമീപം വന്നു നിന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ എത്തിച്ചു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ആദ്യ നിഗമനം. 60,000 രൂപ വീട്ടില്‍ നിന്ന് കാണാതായെന്ന് കരുതിയിരുന്നു. എന്നാല്‍ വിശദ പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ആറ് മാസം മുമ്പാണ് ആദം അലി ഉള്‍പ്പടെയുള്ള അതിഥി തൊഴിലാളികള്‍ മനോരമയുടെ വീടിന് സമീപം ജോലിക്കെത്തിയത്. കൊലപാതക ശേഷം ആദം അലി സുഹൃത്തുക്കളെ വിളിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുതിയ സിം എടുക്കാനാണ് ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചത്.
കൃത്യം നടന്ന് 24 മണിക്കൂറിനകമാണ് പ്രതി പിടിയിലായിരിക്കുന്നത്. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകള്‍ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റില്‍ തള്ളി. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.
Discussion about this post