ചെന്നൈ: തീയിട്ട് ചിതലിനെക്കൊല്ലാനുള്ള ദമ്പതിമാരുടെ ശ്രമത്തിനിടെ പൊള്ളലേറ്റ് 13കാരിയായ മകൾക്ക് ദാരുണാന്ത്യം. ചെന്നൈക്കടുത്ത് പല്ലാവരത്ത് ഖായിദേ മില്ലത്ത് നഗറിൽ ഹുസൈൻ ബാഷയുടെയും അയിഷയുടെയും മകൾ ഫാത്തിമ ആണ് മരണപ്പെട്ടത്. കൊച്ചുവീടിന്റെ ചുവരിലും വാതിലിലുമെല്ലാം ചിതൽശല്യം രൂക്ഷമായി.
തുടർന്ന് ഹുസൈൻ ബാഷയും ഭാര്യ അയിഷയും ചിതലിനെ കൊല്ലാൻ തീരുമാനിച്ചു. പെയിന്റിങ് തൊഴിലാളിയായ ബാഷ പെയിന്റിലൊഴിക്കുന്ന തിന്നർ ചിതൽശല്യമുള്ളിടത്തെല്ലാം ഒഴിച്ചു. തുടർന്ന് തീകൊളുത്തുകയായിരുന്നു. നിമിഷ നേരംകൊണ്ട് തീ ദേഹത്തേക്കുപടർന്നു.
ഇതോടെ ബാഷയും ഭാര്യയും മകളും ഉള്ളിൽ കുടുങ്ങിപ്പോയി. വാതിൽ ഉള്ളിൽനിന്നടച്ച് അതിലും തിന്നർ ഒഴിച്ചിരുന്നതുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടാനും സാധിച്ചില്ല. ഒടുവിൽ അയൽവാസികളെത്തി വാതിൽപൊളിച്ച് തീയണയ്ക്കുമ്പോഴേക്കും മൂവർക്കും പൊള്ളലേറ്റിരുന്നു. സാരമായി പരിക്കേറ്റ ഫാത്തിമ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണത്തിന് കീഴടങ്ങിയിരുന്നു. ബാഷയും അയിഷയും ചികിത്സയിൽ തുടരുകയാണ്.
Discussion about this post